ബിജെപി പ്രതിഷേധം: കോട്ടയത്ത് രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടഞ്ഞ് പൊലീസ്

കോട്ടയം: അയോധ്യയിൽ ബാബ‌രി പള്ളി തകർത്തതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ രാം കെ നാം ഡോക്യുമെൻ്ററിയുടെ പ്രദർശനം കോട്ടയത്ത് തടഞ്ഞു. പള്ളിക്കത്തോട് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം വിദ്യാർത്ഥികളാണ് ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചത്. ഇതിനെതിരെ ബിജെപി പ്രവർത്തകരാണ് രംഗത്ത് വന്നത്. ഇവർ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ പൊലീസെത്തി ഡോക്യുമെൻ്ററി പ്രദർശനം നിർത്തിവെപ്പിക്കുകയായിരുന്നു. വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്‌വർധൻ 1992 ൽ തയ്യാറാക്കിയതാണ് രാം കെ നാം ഡോക്യുമെന്ററി. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങിയ പ്രചാരണവും അതിന്റെ പരിണിത ഫലങ്ങളും ഇത് കൊളുത്തിവിട്ട വർഗീയ സംഘർഷങ്ങളുമാണ് ഡോക്യുമെന്ററിയിലെ പ്രമേയം. അയോധ്യയിൽ ബാബരി പള്ളിയുമായി ബന്ധപ്പെട്ട ഇരുവാദങ്ങളെയും സമഗ്രമായി വിലയിരുത്തുന്നതാണ് ഡോക്യുമെന്ററി. ഇന്ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്‌ഠാ ചടങ്ങ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഡോക്യുമെൻററി വീണ്ടും ചർച്ച ചെയ്യപ്പെട്ടത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചത്. ഇതാണ് ബിജെപിയുടെ പ്രതിഷേധത്തിലും പൊലീസ് നടപടിയിലും അവസാനിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: