ആലപ്പുഴ: ചെങ്ങന്നൂർ സ്വദേശിയുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ട എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയതായി പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കളഞ്ഞ് കിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിലായി. സംഭവത്തിൽ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശി വിനോദ് ഏബ്രഹാമിന്റെ എടിഎം കാര്‍ഡാണ് നഷ്ടമായത്. എടിഎം കാര്‍ഡിന് പിൻവശത്തായി എഴുതിവെച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ച് സുജന്യ ഗോപി പണം പിന്‍വലിക്കുകയായിരുന്നു. പല എടിഎം കൗണ്ടറുകളില്‍ നിന്നായി 25,000 രൂപയാണ് സുജന്യ ഗോപിയും കൂട്ടാളിയും ചേർന്ന് തട്ടിയത്. പണം തട്ടാൻ സുജ്യന്യയ്‌ക്കൊപ്പമുണ്ടായിരുന്ന കൂട്ടാളി സലിഷ് മോനെയും ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.