പത്തനംതിട്ട: കിടങ്ങൂരിൽ കനാലിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. വിദ്യാർഥികൾ ഇറങ്ങിയ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതൽ ഫയർഫോഴ്‌സ് സ്‌കൂബ ടീം തിരച്ചിൽ ആരംഭിച്ചു. എസ് വി ജി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അഭിരാജ്, ആനന്ദുനാഥ് എന്നിവരെയാണ് കനാലിൽ കാണാതായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കനാൽ തീരത്ത് വിദ്യാർത്ഥികളുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഫയർഫോഴ്സ് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കുട്ടികളെ കണ്ടെത്താനായിരുന്നില്ല. സ്‌കൂളിൽ സ്റ്റുഡൻ്റ്‌സ് പൊലീസ് കെഡറ്റിൻ്റെ ക്ലാസ് ഉണ്ടായിരുന്നു. ഇതിന് ശേഷം കൂട്ടുകാരൻ്റെ വീട്ടിൽ പോയി. പിന്നാലെ കിടങ്ങന്നൂരിൽ മുടിവെട്ടാൻ പോകേണ്ടതുണ്ടെന്ന് പറഞ്ഞാണ് ഇരുവരും കൂട്ടുകാരുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്. കുട്ടികൾ കനലിൽ ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ന് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കേണ്ടിയിരുന്ന എസ്പിസി കേഡറ്റുകളാണ് മരിച്ചത്.
