ഉത്തർപ്രദേശ്: ഗാസിയാബാദിലെ ഭോജ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദതേരി ഗ്രാമത്തിലെ ഒരു തുണി ഫാക്ടറിയിൽ വെള്ളിയാഴ്ച ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് തൊഴിലാളികൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭോജ്പൂർ ഗ്രാമവാസിയായ യോഗേന്ദ്ര കുമാർ (48), മോദിനഗർ കൃഷ്ണ നഗറിൽ നിന്നുള്ള അനുജ് സിംഗ് (27), ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള അവദേശ് കുമാർ (21) എന്നിവരാണ് മരിച്ചതെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു. ഈ ദാരുണമായ അപകടം ഫാക്ടറി സുരക്ഷാ നടപടികളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
നോർഡ്സ്റ്റേൺ റബ്ബർ ആൻഡ് റോൾസ് പ്രൈവറ്റ് ലിമിറ്റഡിൽ ഇന്ന് പുലർച്ചെ 3.40 ഓടെയാണ് അപകടം നടന്നത്. ‘ബോയിലറിന് സമീപം ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ഒരു സ്ഫോടനം ഉണ്ടായി. മൂന്ന് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഞങ്ങൾ ഇക്കാര്യം അന്വേഷിക്കുകയും തൊഴിലാളികൾ ജോലി ചെയ്യുമ്പോൾ സ്വീകരിച്ച മുൻകരുതലുകൾ പരിശോധിക്കുകയും ചെയ്യുകയാണ്’ മോഡിനഗർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഗ്യാൻ പ്രകാശ് റായ് പറഞ്ഞു.
സംഭവത്തിന് ശേഷം പൊട്ടിത്തെറിച്ച് തകർന്ന ബോയിലറിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തൊഴിലാളികളും അധികൃതരും ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾ നിൽക്കുന്നത് വീഡിയോയിൽ കാണാം. സ്ഫോടനം മൂലമുണ്ടായ നാശത്തിന്റെ ദൃശ്യങ്ങളുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഫാക്ടറിയിൽ നിയമവിരുദ്ധമായാണ് ജോലി നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. യാതൊരു സുരക്ഷാ നടപടികളും ഇല്ല. ‘എന്റെ സഹോദരൻ മൂന്ന് വർഷമായി ഇവിടെ ജോലി ചെയ്യുന്നു, ഇന്നാണ് ഈ അപകടം സംഭവിച്ചത്. ഫാക്ടറി ഉടമയ്ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുവെന്ന് അപകടത്തിൽ മരണപ്പെട്ട അനുജ് സിംഗിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു
