കോട്ടയം: എസ്ഐആർ ജോലികളുടെ അമിതഭാരം കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായ ബൂത്ത് ലെവൽ ഓഫീസർ (BLO) ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. പൂഞ്ഞാർ മണ്ഡലത്തിലെ 110-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയ ആന്റണിയാണ്, ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിൽ തൻ്റെ ദുരിതാവസ്ഥ വിവരിച്ച് ഓഡിയോ സന്ദേശം പങ്കുവെച്ചത്. ഇടുക്കിയിൽ ഒരു പോളിടെക്നിക് ജീവനക്കാരനായ ഇദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷൻ്റെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥർ തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചു.
മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് ഈ അധികജോലികൾ ചെയ്യിക്കുന്നത്. ഈ ‘അടിമപ്പണി’ നിർത്തലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൻ്റെ മാനസികനില തകർന്നുപോകുന്ന അവസ്ഥയാണെന്നും, എത്രയും പെട്ടെന്ന് ഈ ചുമതലയിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ വില്ലേജ് ഓഫീസ് അല്ലെങ്കിൽ കളക്ടറേറ്റിന് മുന്നിൽ വന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു.
ബിഎൽഒയുടെ ഓഡിയോ സന്ദേശത്തിലെ പ്രധാന ഭാഗങ്ങൾ:
എസ്ഐആർ ജോലികൾ കാരണം ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ വോട്ടർമാരുടെ വീടുകളിൽ ഫോം കൊടുത്തു, പക്ഷേ ഭൂരിഭാഗം പേരും പൂരിപ്പിക്കാതെയാണ് ഫോം തിരികെ നൽകുന്നത്. അവരുടെ വിവരങ്ങളെല്ലാം ഞാൻ കഷ്ടപ്പെട്ട് കണ്ടുപിടിച്ച് പൂരിപ്പിക്കണം. ഈ ജോലിക്ക് എനിക്ക് യാതൊരു പ്രതിഫലവും ലഭിക്കുന്നില്ല. മാത്രമല്ല, മൊബൈൽ, ഇൻ്റർനെറ്റ് പോലുള്ള യാതൊരുവിധ ഉപകരണങ്ങളോ സഹായങ്ങളോ നിങ്ങൾ നൽകുന്നുമില്ല.
തിരഞ്ഞെടുപ്പ് കമ്മീഷനും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് ഞങ്ങളെ എല്ലാതരത്തിലും ചൂഷണം ചെയ്യുകയാണ്. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് ഈ ജോലി ചെയ്യിപ്പിക്കുന്നത്. ഈ അടിമപ്പണി ദയവായി നിർത്തണം.
എന്റെ മാനസികാരോഗ്യവും സമനിലയും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഒന്നുകിൽ ഞാൻ ആരെയെങ്കിലും കൊല്ലും, അല്ലെങ്കിൽ ആരെങ്കിലും എന്നെ കൊല്ലും. ദയവായി എന്നെ ഈ ജോലിയിൽ നിന്ന് ഒഴിവാക്കണം. സഹികെട്ടാണ് പറയുന്നത്. അല്ലെങ്കിൽ വില്ലേജ് ഓഫീസിൻ്റെയോ കളക്ടറേറ്റിൻ്റെയോ മുന്നിൽ വന്ന് ഞാൻ വിഷം കഴിച്ച് മരിക്കും.
എനിക്ക് സമാധാനപരമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇവിടെയില്ല. നാട്ടുകാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ചീത്ത കേൾക്കണം. എസി റൂമിലിരുന്ന് ഒരു മിനിറ്റുകൊണ്ട് തീർക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പറയാം. എന്നാൽ വെയിലത്ത് പണിയെടുക്കുന്ന ഞങ്ങളുടെ അവസ്ഥ അവർക്കറിയില്ല. ഇതിന് ഉത്തരം പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനും എസ്ഐആർ ഉദ്യോഗസ്ഥരുമാണ്


