ജയ്പൂർ: അടുക്കളയിൽ തിളച്ച പാൽ ഇരുന്ന പാത്രത്തിലേക്ക് അബദ്ധത്തിൽ വീണ് മൂന്ന് വയസ്സുകാരി പൊള്ളലേറ്റ് മരിച്ചു. രാജസ്ഥാനിലെ ദീഗ് ജില്ലയിലായിരുന്നു സംഭവം. ഗുരുതരമായ പൊള്ളലേറ്റ് ജയ്പൂരിൽ ചികിത്സയിലായിരുന്ന സരിക എന്ന പെൺകുഞ്ഞാണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീടിൻ്റെ മേൽക്കൂരയിൽ പൂച്ചയെ കണ്ട സരിക ഓടിപ്പോകാൻ തുടങ്ങിയപ്പോഴാണ് സംഭവം. ഓടുന്നതിനിടയിൽ, കുട്ടി അബദ്ധത്തിൽ സ്റ്റൗവിന് സമീപം ചൂട് പാൽ സൂക്ഷിച്ചിരുന്ന പാത്രത്തിൽ വീഴുകയായിരുന്നുവെന്ന് സരികയുടെ മുത്തച്ഛൻ ഹരിനാരായണൻ പറഞ്ഞു. നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
‘ചെറിയ അശ്രദ്ധക്ക് വലിയ വിലയൊടുക്കേണ്ടിവരും. അതാണ് എന്റെ മകളുടെ കാര്യത്തിൽ സംഭവിച്ചത്. എല്ലാ കുടുംബങ്ങളും കുട്ടികളെ ശ്രദ്ധയോടെ പരിപാലിക്കണ’മെന്ന് സരികയുടെ പിതാവ് പറഞ്ഞു. കമാൻ നഗരത്തിലെ അഗ്മ കോളനിയിലാണ് കുടുംബം താമസിക്കുന്നതെന്നും പെൺകുട്ടിയുടെ പിതാവ് ജമ്മുവിൽ സൈന്യത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. കുടുംബം ആദ്യം കുട്ടിയെ കമാനിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് ഭരത്പൂരിലെ ആർബിഎം ആശുപത്രിയിലേക്ക് അയച്ചു, തുടർന്ന് ചികിത്സയ്ക്കായി ജയ്പൂരിലേക്ക് എത്തിക്കുക്കയായിരുന്നു, അപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.
