ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പോലിസ് കേസെടുത്തു. വിജയ്ക്ക് പുറമെ നിയമലംഘനം നടത്തിയ പാര്‍ട്ടിയിലെ 5,000 അംഗങ്ങള്‍ക്കെതിരെയും ചെന്നൈ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് നടപടി. മാര്‍ച്ച് 30ന് നാമനിര്‍ദേശ പത്രിക നല്‍കിയശേഷം പെരമ്പൂര്‍, കൊളത്തൂര്‍ മണ്ഡലങ്ങളിലേക്ക് പോകുന്ന വഴി നടത്തിയ കൂറ്റന്‍ റോഡ് ഷോയ്ക്കിടെയാണ് ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നടന്നത്. അസിസ്റ്റന്റ് ഇലക്ഷന്‍ അക്കൗണ്ട്‌സ് ഓഫിസര്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അനുവദിച്ചതിലും കൂടുതല്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ചു, ആംബുലന്‍സ് കടത്തിവിട്ടില്ല, നിശ്ചയിച്ചതിലും വളരെ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 126(2), 189(2), 223, 3(എ), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിച്ച സമയത്തിന് മുമ്പ് തന്നെ വിജയുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. റോഡ് ഷോയില്‍ അഞ്ച് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ മാത്രമായിരുന്നു അനുമതി. എന്നാല്‍ ഇതിന് വിരുദ്ധമായി 30 സ്പീക്കറുകള്‍ ഉപയോഗിച്ച് ശബ്ദമലിനീകരണവും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കി. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയതോടെ നഗരത്തില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറായില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക സ്‌ക്വാഡുകളെ രംഗത്തിറക്കിയിട്ടുണ്ട്. മുന്‍കൂട്ടി അനുമതി വാങ്ങാതെ നടത്തുന്ന പ്രകടനങ്ങള്‍ക്കും റാലികള്‍ക്കുമെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനാണ് കമ്മിഷന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം മുതലാണ് തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഔദ്യോഗികമായി ആരംഭിച്ചത്. ഭരണകക്ഷിയായ ഡിഎംകെയുടെ നേതാവും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും ചെന്നൈയിലെ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വലിയ റാലികളോടെയാണ് പ്രധാന നേതാക്കളെല്ലാം പത്രിക നല്‍കാന്‍ എത്തുന്നത്. അതിനാല്‍ വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരാനാണ് പൊലീസിന്റെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും തീരുമാനം.


