കുറവിലങ്ങാട്: ടിപ്പറിനടിയില്‍പെട്ട് വയോധികൻ മരിച്ചു. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം കരിങ്കല്ല് ഇറക്കാനെത്തിയ ടിപ്പര്‍ പിന്നോട്ട് എടുക്കുന്നതിനിടെ അടിയിൽപെടുകയായിരുന്നു. ഡല്‍ഹി സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ വാക്കാട് ഐക്കരേട്ട് ജോസ് മാത്യു (അപ്പച്ചന്‍ -64) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 8.30-നായിരുന്നു അപകടം. കുറവിലങ്ങാട് – വൈക്കം റോഡില്‍ മൂവാങ്കല്‍ ഭാഗത്ത് ചൂളയ്ക്കല്‍ ഷാപ്പിന് സമീപമാണ് വ്യാപാര സമുച്ചയ നിര്‍മാണം നടക്കുന്നത്. പതിവായി ജോസ് മാത്യു നിര്‍മാണവുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നതാണ്. ടിപ്പര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ പിന്നില്‍നിന്ന ജോസ് മാത്യു ടിപ്പറിനടിയില്‍ പെടുകയായിരുന്നു.
ക്രെയിന്‍ എത്തിച്ച് ടിപ്പര്‍ ഉയര്‍ത്തിയാണ് ജോസ് മാത്യുവിനെ പുറത്തെടുത്തത്. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ലില്ലിക്കുട്ടി മൂലംങ്കുഴയ്ക്കല്‍, കുറവിലങ്ങാട്. മക്കള്‍: പ്രിയ (ന്യൂസിലാന്റ്), പ്രിന്‍സ് (എച്ച്.ഡി.എഫ്.സി, ഡല്‍ഹി).



