ന്യൂഡല്‍ഹി: എസ്.ഐ.ആറില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറായി സര്‍ക്കാര്‍. ഇന്നലെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തിന് പിന്നാലെയാണിത്. ഈ മാസം ഒമ്പത്, പത്ത് തീയതികളിലായി ലോക്‌സഭയില്‍ വിഷയം പത്ത് മണിക്കൂര്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് ബിസിനസ് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചതായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. വന്ദേമാതരം സംബന്ധിച്ച ചര്‍ച്ച ഈ മാസം എട്ടിനും നടത്തും. ഇന്ന് മുതല്‍ പാര്‍ലമെന്റ് നടപടികളോട് സഹകരിക്കാമെന്ന് എല്ലാ കക്ഷികളും സമ്മതിച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാകാതെ പാര്‍ലമെന്റ് നടപടികളോട് സഹകരിക്കാനാകില്ലെന്ന് കക്ഷി നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷം നിലപാടെടുത്തതോടെ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. ഭരണഘടനാ ബോഡിയായ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന എസ്.ഐ.ആര്‍ പ്രക്രിയയില്‍ സര്‍ക്കാരിന് മറുപടി നല്‍കാനാകില്ലെന്നും ചര്‍ച്ച പറ്റില്ലെന്നുമുള്ള നിലപാടായിരുന്നു ഇതുവരെ കേന്ദ്രത്തിന്.
പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന് രാവിലെ 9.45ന് ചേരും. എസ്.ഐ.ആര്‍ വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി ഇന്നലെ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് തുടര്‍ച്ചയായി രണ്ടാം ദിവസവും തടസ്സപ്പെട്ടു. ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ചേര്‍ന്നപ്പോള്‍തന്നെ പ്രതിഷേധമുയര്‍ന്നതോടെ ആദ്യം 12 മണിവരെയും പിന്നീട് രണ്ട് മണിവരേയും ലോക്‌സഭ നിര്‍ത്തിവച്ചു. പിന്നീട് ചേര്‍ന്നപ്പോഴും പ്രതിഷേധം ശക്തമായതോടെ ഇന്ന് ചേരാനായി പിരിയുകയായിരുന്നു. രണ്ട് തവണ നിര്‍ത്തിവച്ച രാജ്യസഭ വൈകിട്ടോടെ ഇന്ന് ചേരാനായി പിരിഞ്ഞു.


