കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ആണ് മരിച്ചത്. കൊല്ലം തേവലകരയിലെ ബോയ്സ് സ്‌കൂളിൽ രാവിലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് ചെരുപ്പ് വീണത്. അപകടത്തെ തുടർന്ന് സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കുട്ടി വൈദ്യുതി ലൈനിൽ തട്ടിയെന്നാണ് സംശയം. സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണെന്നാണ് ഉയരുന്ന ആരോപണം. ലൈൻ കമ്പി താഴ്ന്നു കിടക്കുകയായിരുന്നു. സ്കൂൾ അധികൃതർ സംഭവത്തെ കുറിച്ച് പ്രതികരണം ഒന്നും നടത്തിയിട്ടില്ല. ഇലക്ട്രിക്ക് ലൈൻ താഴ്ന്ന് കിടക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ലൈൻ കമ്പി താഴ്ന്ന് കിടക്കുകയാണെന്ന് കുട്ടികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയില്ലന്നും ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. കുട്ടിയുടെ മൃതദേഹം കൊല്ലം ശാസ്താംകോട്ട ആശുപത്രിയിലാണ്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
