മുംബൈ: എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും വീണുമരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സതാറയിലാണ് സംഭവം. ചൊവ്വാഴ്ച്ചയാണ് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ കരാഡിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഇരുപത്തൊന്നുകാരിയായ ആരുഷി മിശ്ര എന്ന വിദ്യാർത്ഥിനി മരിച്ചത്. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പെൺകുട്ടിയെ ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവ് താഴേക്ക് തള്ളിയിടുകയായിരുന്നു എന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബിഹാർ സ്വദേശിയായ കരാഡിലെ കൃഷ്ണ വിശ്വ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയാണ് മരിച്ച ബീഹാർ സ്വദേശിനി. അറസ്റ്റിലായ ധ്രുവ് ചിക്കാര ഹരിയാനയിലെ സോനിപത്ത് സ്വദേശിയാണ്. സംഭവദിവസം യുവാവ് അവിടെ എത്തിയിരുന്നതായും ഇരുവരും തമ്മിൽ തർക്കവും വാഗ്വാദവും ഉണ്ടായതായും പൊലീസ് കണ്ടെത്തി. നേരത്തെയും ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നത്രെ. പിന്നീട് ഇവർക്കിടയിൽ ചില പ്രശ്നങ്ങളുണ്ടായി. ഫ്ലാറ്റിൽ വെച്ചുള്ള തർക്കത്തിനിടെ യുവാവ് പെൺകുട്ടിയെ താഴേക്ക് തള്ളിയിടുകയായിരുന്നു.
മൽപ്പിടുത്തത്തിനിടെ യുവാവിന്റെ ശരീരത്തിലും ചെറിയ മുറിവുകളുണ്ടായിരുന്നു. ഇതും പൊലീസിന് നിർണായക തെളിവായി. പെൺകുട്ടിയുടെ അമ്മയാണ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇയാൾ തന്റെ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും മറ്റ് ആൺസുഹൃത്തുക്കളുമായി സംസാരിക്കുന്നതിന് തടഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. പെൺകുട്ടിയുടെ അമ്മയും ഡോക്ടറാണ്. ഇയാളിൽ നിന്ന് അകന്നുനിൽക്കാൻ താൻ ഉപദേശിച്ചിരുന്നുവെന്നും എന്നാൽ അതിന് ശ്രമിക്കുമ്പോഴൊക്കെ യുവാവ് പിന്തുടർന്ന് ഉപദ്രവിക്കുന്നതായി മകൾ പറഞ്ഞുവെന്നും അമ്മ മൊഴി നൽകി.



