Headlines

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി.

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ആര്യനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമാ മൻസില്‍ സിദ്ധിഖിന്റെ രണ്ടര വയസ്സുള്ള ഐഷ ഫാത്തിമയാണ് മരിച്ചത്.കുടുംബത്തിന്റെ പരാതിയില്‍ ആര്യനാട് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.


ഇക്കഴിഞ്ഞ 18ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കുഞ്ഞിന് തളർച്ചയും ശ്വാസതടസവും കണ്‍പോള തടിപ്പും അനുഭവപ്പെട്ടു. തുടർന്ന് ആര്യനാട് സർക്കാർ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് വീണ്ടും പനിയും തളർച്ചയും ഉണ്ടായതോടെ കാട്ടാക്കട മമല്‍ ആശുപത്രിയിലും ചികിത്സിച്ചു. 20-ന് കണ്‍പോള തടിപ്പിന് കാട്ടാക്കട ശ്രീനേത്ര ആശുപത്രിയിലും ചികിത്സ തേടി. ഞായറാഴ്ച രാവിലെ 11 മണിയോടെ കുഞ്ഞിന് വീണ്ടും തളർച്ചയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതോടെ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ ഡോക്ടർ പരിശോധിച്ച്‌ രക്തവും മൂത്രവും സാമ്പിള്‍ എടുത്ത് പരിശോധനയക്കയയ്ക്കുകയും ചെയ്തു.

ശേഷം ശ്വാസതടസത്തിന് ആവിപിടിച്ചും ഓക്‌സിജൻ കൊടുക്കുകയും ചെയ്തശേഷം കയ്യില്‍ രണ്ട് ഇൻജക്ഷൻ എടുത്തു. തുടർന്ന് കുട്ടിയുടെ മുഖം ഒരു വശത്തേക്ക് കോടുന്ന അവസ്ഥയില്‍ എത്തുകയും അബോധാവസ്ഥയിലേക്ക് വീഴുകയും ചെയ്യുകയായിരുന്നു. തുടർന്ന് നിരവധി തവണ സിപി ആർ ഉള്‍പ്പെടെ നല്‍കിയശേഷം ഡോക്ടർമാരും നഴ്സും ചേർന്ന് കുട്ടിയെ നെയ്യാർ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചു. ഡോക്ടർ പരിശോധിച്ചപ്പോള്‍ ഉച്ചയ്ക്ക് 12.55 മണിയോടെ കുഞ്ഞ് മരിച്ചതായി അറിയിച്ചു എന്നാണ് പരാതിയിലുള്ളത്.

മൃതദേഹം നെയ്യാർ മെഡിസിറ്റി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷമേ കുഞ്ഞ് എങ്ങനെ മരിച്ചു എന്നുള്ളത് വ്യക്തമായി അറിയാൻ കഴിയുള്ളൂ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: