ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ നവവരന്‍ വീടും വാഹനങ്ങളും കത്തിച്ചെന്ന് പരാതി

മലപ്പുറം: ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ നവവരന്‍ വീടും വാഹനങ്ങളും കത്തിച്ചെന്ന് പരാതി. മലപ്പുറം പാറപ്പുറം മാങ്ങാട്ടൂരിലാണ് സംഭവം. 9 മാസം മുമ്പാണ് വടക്കേക്കാട് സ്വദേശിയായ വിനീഷും കാലടി സ്വദേശിയായ ഹരിതയും വിവാഹിതരായത്. കുറച്ചു നാളുകളായി ഇവർ അകന്നു കഴിയുകയായിരുന്നു. വിനീഷിനെതിരെ ഹരിത ഗാ‍ഹിക പീഡനപരാതിയും നൽകിയിരുന്നു. ഇയാൾ വധ ഭീഷണി ഉയർത്തിയതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.



വടിവാളുമായി എത്തി പുറത്തേക്ക് ഇറങ്ങി ചെന്നില്ലെങ്കിൽ അമ്മാവനെ അടക്കം വെട്ടിക്കൊല്ലുമെന്ന യുവാവിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് വിനീഷിനോട് പൊന്നാനി സ്റ്റേഷനില്‍ ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടു. ഇതിന്റെ ദേഷ്യത്തിലാണ് യുവാവ് വീണ്ടുമെത്തി വീടും വാഹനങ്ങളും കത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ഹരിതയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് ഇയാൾ തീയിട്ടത്.

നാട്ടുകാരും അഗ്നി രക്ഷാ സേനയുമെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വീട് ഭാഗീകമായും മൂന്ന് ബൈക്കുകൾ പൂർണമായും കത്തി നശിച്ചു. സംഭവത്തെ തുടർന്ന് ഭര്‍ത്താവ് വിനീഷിനെതിരെ ഹരിത പൊന്നാനി പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: