തിരുവനന്തപുരം: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വെള്ളനാട് ശ്രീകണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.
വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി എൽ സിന്ധുവിനെയാണ് ഇയാൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും അടിക്കാൻ കൈ ഓങ്ങുകയും ചെയ്തത്. ഡിസംബർ 6നാണ് സംഭവം നടന്നത്. സിന്ധു പരാതി നൽകിയതിന് പിന്നാലെ ശ്രീകണ്ഠൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് കോടതി പരിഗണിക്കും മുമ്പ് തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡിസംബർ ആറാം തിയതി പഞ്ചായത്തിലെ സെക്രട്ടറിയുടെ ക്യാബിനിൽ ജീവനക്കാരോട് സിന്ധു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെള്ളനാട് ശ്രീകണ്ഠൻ അവിടേക്ക് എത്തുന്നത്. വെള്ളനാട് പൊതുശ്‌മശാനത്തിൻ്റെ അറ്റകുറ്റപ്പണിക്കായി രണ്ട് ലക്ഷം രൂപ മുൻകൂറായി അനുവദിക്കണമെന്നായിരുന്നു ശ്രീകണ്ഠൻ്റെ ആവശ്യം. എന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമില്ലാതെ അത് സാധ്യമല്ലെന്ന് സെക്രട്ടറി നിലപാട് കടുപ്പിച്ചു. ഇതിൽ പ്രകോപിതനായ ശ്രീകണ്ഠൻ മറ്റ് ജീവനക്കാരുടെ മുൻപിൽ വെച്ച് സിന്ധുവിനോട് കയർത്ത് സംസാരിക്കുകയും ജാതിപ്പേർ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. സിന്ധുവിനെ അടിക്കാനായി ഇയാൾ കൈ ഉയർത്തുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ സിന്ധു കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ശ്രീകണ്ഠൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശ്രീകണ്ഠനെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
