ഭോപ്പാൽ: കോൺഗ്രസ് എംഎൽഎ ബിജെപി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാം നിവാസ് റാവത്താണ് ബിജെപി മന്ത്രിസഭയിൽ അംഗമായത്. ആറു തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച രാം നിവാസ് റാവത്ത് വിജയ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ഇക്കുറിയും കോൺഗ്രസ് ടിക്കറ്റിൽ തന്നെ മത്സരിച്ച് വിജയിച്ച രാം നിവാസ് റാവത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽ ചേർന്നെങ്കിലും നിയമസഭാംഗത്വം രാജിവച്ചിരുന്നില്ല. ബിജെപി മന്ത്രിസഭയിൽ അംഗമാക്കാതെ താൻ കോൺഗ്രസ് അംഗത്വം രാജിവെക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതോടെയാണ് കോൺഗ്രസ് എംഎൽഎ ആയിരിക്കെ തന്നെ രാം നിവാസ് റാവത്ത് ബിജെപി മന്ത്രിസഭയിൽ അംഗമായത്.
15 മിനിറ്റിനുള്ളിൽ രണ്ടുതവണയാണ് രാം നിവാസ് റാവത്ത് സത്യപ്രതിജ്ഞ ചെയ്തതെന്നതും കൗതുകമായി. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ‘രാജ്യ കാ മന്ത്രി’ എന്നതിന് പകരം ‘രാജ്യ മന്ത്രി’ എന്ന് പറഞ്ഞതിനാലാണ് രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്.
സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് അദ്ദേഹം കോൺഗ്രസ് എംഎൽഎ സ്ഥാനം രാജിവച്ച് നിയമസഭാ സ്പീക്കർക്ക് കത്ത് അയച്ചത്. രാം നിവാസ് റാവത്തിൻ്റെ അംഗത്വം റദ്ദാക്കാൻ റിപ്പോർട്ട് സ്പീക്കർ നരേന്ദ്ര സിംഗ് തോമറിന് മുമ്പാകെ സമർപ്പിച്ചു. എന്നാൽ സ്പീക്കർ അംഗത്വം റദ്ദാക്കിയില്ലെന്നും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള നഗ്നമായ അപമാനമാണെന്നും പിസിസി അധ്യക്ഷൻ പറഞ്ഞു. ഗ്വാളിയോർ-ചമ്പൽ മേഖലയിലെ പ്രമുഖ ഒബിസി നേതാവാണ് റാവത്ത്യ ദിഗ്‌വിജയ സിംഗ് സർക്കാരിലെ മന്ത്രിയായിരുന്നു ഇദ്ദേഹം. ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി പിളർത്തിയപ്പോൾ പോലും കോൺഗ്രസിൽ ഉറച്ചുനിന്ന നേതാവാണ് റാവത്ത്. എന്നാൽ, ബിജെപിയിൽ ചേർന്ന ശേഷവും കോൺഗ്രസ് അംഗത്വം രാജിവെച്ചിരുന്നില്ല.
മോഹൻ യാദവ് മന്ത്രിസഭയിലെ 32-ാമത്തെ അംഗമായാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി യാദവ്, ഉപമുഖ്യമന്ത്രിമാരായ രാജേന്ദ്ര ശുക്ല, ജഗദീഷ് ദേവ്ദ, സംസ്ഥാന ബിജെപി അധ്യക്ഷൻ വി ഡി ശർമ, സംസ്ഥാന ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ഹിതാനന്ദ ശർമ, ജലവിഭവ മന്ത്രി തുളസി സിലാവത്ത് എന്നിവർ സത്യപ്രതിജ്ഞാ വേളയിൽ പങ്കെടുത്തു

