Headlines

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധിച്ച്‌ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധിച്ച്‌ കോടതി. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്

ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പള്‍സർ സുനിക്ക് ഐടി ആക്‌ട് പ്രകാരം അഞ്ച് വർഷത്തെ അധിക ശിക്ഷയുണ്ട്. ഈ ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി.

എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസ് ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഒന്നര മണിക്കൂർ നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചു. എല്ലാ പ്രതികളും 40 വയസിന് താഴെയാണ്. ഇതും ഇവരെ ആശ്രയിക്കുന്ന കുടുംബവും പരിഗണിച്ചാണ് വിധിയെന്നും കോടതി പറഞ്ഞു.

തന്റെ വീട്ടില്‍ പ്രായമായ അമ്മ മാത്രമേയുള്ളു. അതിനാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കണമെന്നാണ് പള്‍സർ സുനി കോടതിയോട് ആവശ്യപ്പെട്ടത്. രണ്ടാം പ്രതി മാർട്ടിൻ കോടതിയില്‍ കരഞ്ഞു. ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല നിരപരാധിയാണെന്നാണ് മാർട്ടിൻ ആവർത്തിച്ചത്. ചെയ്യാത്ത തെറ്റിന് അഞ്ചര വർഷം ജയിലില്‍ കഴിഞ്ഞു. തന്റെ പേരില്‍ ഒരു പെറ്റി കേസുപോലുമില്ല വാർദ്ധക്യ സഹചമായ അസുഖങ്ങളുള്ള അച്ഛനും അമ്മയുമുണ്ട് താൻ ജോലിക്ക് പോയിട്ട് വേണം കുടുംബം നോക്കാനെന്നും മാർട്ടിൻ പറഞ്ഞു. മാർട്ടിൻ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് മൂന്നാം പ്രതി മണികണ്‌ഠനും പറഞ്ഞത്. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും ഇയാള്‍ പറഞ്ഞു. ഒമ്ബത് വയസുള്ള മകളും ഒരു വയസുള്ള മകനുമുണ്ടെന്നും ഇയാള്‍ പറഞ്ഞു.

തനിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും നാട് തലശേരിയായതിനാല്‍ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നുമാണ് നാലാം പ്രതി വിജീഷ് കോടതിയില്‍ പറഞ്ഞത്. ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നാണ് അഞ്ചാം പ്രതി സലീം പറയുന്നത്. തനിക്ക് ഭാര്യയും മകളുമുണ്ട് അവർക്ക് മറ്റാരുമില്ലെന്നും സലീം പറഞ്ഞു. ആറാം പ്രതി പ്രദീപും ഇത്തരത്തില്‍ കുടുംബത്തെക്കുറിച്ചാണ് പറഞ്ഞത്. പ്രദീപും കോടതിയില്‍ കരഞ്ഞു.



പള്‍സർ സുനി അടക്കമുള്ള മുഴുവൻ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പീഡിപ്പിച്ചത് പള്‍സർ സുനി മാത്രമല്ലേ, അപ്പോള്‍ മറ്റ് പ്രതികള്‍ക്കും അതേ ശിക്ഷ തന്നെ എങ്ങനെ നല്‍കും കുറ്റത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ നല്‍കേണ്ടതെന്നും കോടതി ചോദിച്ചു. എല്ലാവരും ഒരേ രീതിയില്‍ കുറ്റത്തിന്റെ ഭാഗമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

എന്നാല്‍ ഏഴര വർഷം തടവുശിക്ഷ അനുഭവിച്ചെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റ ആവശ്യം. നിർഭയ കേസിന് സമാനമായ രീതിയിലല്ല ഈ കേസ് അതിനാല്‍ ശിക്ഷ കുറയ്‌ക്കണമെന്ന് പള്‍സർ സുനിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാല്‍, സുനി ഗൗരവകരമായ കുറ്റമാണ് ചെയ്‌തതെന്ന് കോടതി വ്യക്തമാക്കി. അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണം. ഒരു സ്‌ത്രീയുടെ അന്തസിന്റെ കാര്യമാണിതെന്നും കോടതി വ്യക്തമാക്കി. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലവും കോടതി പരിശോധിച്ചു.

പെരുമ്ബാവൂർ‌ വേങ്ങൂ‌ർ നടുവിലേക്കുടിയില്‍ എൻ എസ് സുനില്‍കുമാർ (പള്‍സർ സുനി- 37), തൃശൂർ കൊരട്ടി പുതുശേരി ഹൗസില്‍ മാർട്ടിൻ ആന്റണി (33), എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്ബില്‍ ബി മണികണ്ഠൻ(37), തലശേരി കതിരൂർ മംഗലശേരിയില്‍ വി പി വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കപ്പറമ്ബില്‍ എച്ച്‌ സലിം (വടിവാള്‍ സലിം- 30), തിരുവല്ല പഴയനിലത്തില്‍ പ്രദീപ് (31) എന്നിവരാണ് ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍. എട്ടാം പ്രതിയായിരുന്ന ദിലീപ് അടക്കം നാലുപേരെ കോടതി വെറുതേവിട്ടിരുന്നു.

കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍ , ബലപ്രയോഗം, ഐടി ആക്‌ട് 66ഇ/67എ (അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍) എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. പള്‍സർ സുനിക്കെതിരെ ചുമത്തിയ ഭീഷണിക്കുറ്റം നീക്കിയിരുന്നു. രണ്ടു മുതല്‍ ആറുവരെ പ്രതികള്‍ക്കെതിരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനുള്ള വകുപ്പ് നിലനില്‍ക്കും. സിം കാർഡ് നശിപ്പിച്ചതിന് രണ്ടാം പ്രതി മാർട്ടിനെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റം കൂടി ചുമത്തിയിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: