Headlines

ആലപ്പുഴ ജില്ലയിൽ പല പ്രദേശങ്ങളിലും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്;സിപിഐ ജില്ലാ കൗൺസിൽ

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിന് പിന്നിൽ ഭരണവിരുദ്ധ വികാരവും മുന്നണിയിലെ ആഭ്യന്തര പ്രശ്നങ്ങളുമെന്ന് സിപിഐ. ഘടകകക്ഷികൾ തമ്മിലുള്ള ഏകോപനക്കുറവും പരാജയത്തിന്റെ ആക്കംകൂട്ടിയെന്നും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ വിലയിരുത്തി. ആലപ്പുഴ ജില്ലയിൽ പല പ്രദേശങ്ങളിലും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും സിപിഐ ജില്ലാ കൗൺസിൽ കുറ്റപ്പെടുത്തുന്നു

ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിൽ ചില വാർഡുകളിൽ സിപിഎം നിലപാട് ബിജെപിക്ക് അനുകൂലമായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം. പലയിടങ്ങളിലും സിപിഐയുടെ വിജയത്തിൽ സിപിഎമ്മിന് താത്പര്യമുണ്ടായിരുന്നില്ലെന്നും, സിപിഐ സ്ഥാനാർഥികൾ മത്സരിച്ച മേഖലകളിൽ സിപിഎം വിമതരുടെ സാന്നിധ്യം പ്രകടമായിരുന്നുവെന്നും വിമർശനം ഉയർന്നു. കുട്ടനാട്ടിൽ സിപിഎം–സിപിഐ തമ്മിലുള്ള ഭിന്നതയും പരാജയത്തിന് കാരണമായതായി കൗൺസിൽ ചൂണ്ടിക്കാട്ടി.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ ചില വിവാദ പ്രസ്താവനകളെ ശക്തമായി എതിർക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ലെന്നും ഇത് ന്യൂനപക്ഷ വിഭാഗങ്ങളിൽ മുന്നണിയോടുള്ള വിശ്വാസം കുറയാൻ ഇടയാക്കിയെന്നും വിലയിരുത്തലുണ്ടായി. സർക്കാർ കൂടുതൽ തിരുത്തലുകൾ നടത്തേണ്ടതുണ്ടെന്നും ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മണ്ഡലം കമ്മിറ്റികൾ വിശദമായ റിപ്പോർട്ട് തയ്യാറാക്കി 31ന് മുൻപ് ജില്ലാ നേതൃത്വത്തിന് സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ, തദ്ദേശ തിരഞ്ഞെടുപ്പിൽ പല ജില്ലകളിലും എൽഡിഎഫിൽ മുന്നണി മര്യാദ പാലിക്കപ്പെട്ടില്ലെന്ന് കുറ്റപ്പെടുത്തി ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) രംഗത്തെത്തി. പാർട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരമൊരു വിമർശനം ഉയർന്നത്. മുന്നണി നേതൃത്വത്തിന് ഗൗരവമായ വീഴ്ച സംഭവിച്ചതായും യോഗം വിലയിരുത്തി. ശബരിമല സ്വർണക്കള്ളക്കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടിയായെന്നും, കേസിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി വൈകിയതും ദോഷകരമായെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎയും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു.

ചില ജില്ലകളിൽ ഐഎൻഎൽ സ്ഥാനാർഥികൾക്ക് പാർട്ടി വോട്ടുകൾ മാത്രമാണ് ലഭിച്ചതെന്നും, തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ എൽഡിഎഫിൽ ‘മുന്നണി സ്പിരിറ്റ്’ പ്രകടമായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. ഘടകകക്ഷികളെ അവഗണിച്ച സമീപനം അണികളിൽ നിരാശ സൃഷ്ടിച്ചതായും ഐഎൻഎൽ നേതാക്കൾ പറഞ്ഞു. ഭരണവിരുദ്ധ വികാരം ശക്തമായിരുന്നില്ലെങ്കിലും, എൽഡിഎഫിന്റെ അമിത ആത്മവിശ്വാസമാണ് തിരിച്ചടിക്ക് വഴിവെച്ചതെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: