കൊല്ലം: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഇനി സഹിക്കാനാകില്ലെന്ന് സിപിഐ. സിപിഐ – സിപിഎം സംഘർഷം നിലനിൽക്കുന്ന കടയ്ക്കലിൽ സിപിഐ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉയർത്തിയത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഗുണംചെയ്യുക വർഗീയ ഫാസിസ്റ്റ് ശക്തികൾക്കാണെെന്ന് യോഗം ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫാസിസത്തിനെതിരേ ഒരുമിച്ചു പോരാടേണ്ട സമയത്ത് കമ്പിപ്പാര, വടിവാൾ, ബോംബ് രാഷ്ട്രീയമാണ് സി.പി.ഐക്കെതിരേ സി.പി.എം. നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എം വളർത്തുന്ന ക്രിമിനലുകൾ നാടിനാപത്താണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. കൂടെയില്ലാതെ സി.പി.എം കേരളം ഭരിച്ച ചരിത്രമില്ലെന്നും വി പി ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി. കലാലയങ്ങളിൽ എസ്.എഫ്.ഐ.യുടെ സ്വേച്ഛാധിപത്യ പ്രവർത്തനം അവരെത്തന്നെ വേട്ടയാടുകയാണ്. പല കലാലയങ്ങളും അവർക്ക് നഷ്ടപ്പെടുന്നുവെന്നും വി പി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്.ബുഹാരി പൊട്ടിത്തെറിച്ചാണ് സംസാരിച്ചത്. ഞങ്ങൾക്ക് മടുത്തു, ഇനി സഹിക്കില്ല. സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ള ഗുണ്ടാസംഘം പാർട്ടി ഓഫീസ് ആക്രമിക്കാൻ വന്നാൽ കൈകെട്ടി നോക്കിനിൽക്കില്ല. തിരിച്ചടിക്കുകതന്നെ ചെയ്യും. ചടയമംഗലം നിയോജകമണ്ഡലത്തിലെ ഒരുപഞ്ചായത്തിലും ഒറ്റയ്ക്കുനിന്നാൽ സി.പി.എം. ജയിക്കില്ല. ഇത് ഓർക്കുന്നത് നന്ന്-എസ്.ബുഹാരി പറഞ്ഞു.
യോഗത്തിൽ സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം കെ.ഡാനിേയൽ അധ്യക്ഷനായി. എ.ഐ.വൈ.എഫ്. ദേശീയ നിർവാഹകസമിതി അംഗം വിനോദ്കുമാർ, ആർ.ലതാദേവി, എസ്.ബുഹാരി, ജെ.സി.അനിൽ, ടി.എസ്.നിധീഷ്, സി.ആർ.ജോസ് പ്രകാശ്, ഹരി വി.നായർ, പി.പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു. ചന്തമുക്കിലെ വിപ്ലവ സ്മാരക ചത്വരത്തിൽനിന്നു പ്രകടനവും നടത്തി.
സി.പി.ഐ.-സി.പി.എം. സംഘർഷം തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച നടന്ന കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റിയും സി.പി.ഐ. ബഹിഷ്കരിച്ചു. സി.പി.ഐ.യുടെ അഞ്ച് അംഗങ്ങളും കമ്മിറ്റിയിൽ പങ്കെടുത്തില്ല. കടയ്ക്കൽ പട്ടണത്തിലുള്ള സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസ് പോലീസ് കാവലിൽ തുടരുകയാണ്. തിങ്കളാഴ്ചത്തെ സി.പി.ഐ പ്രതിഷേധയോഗവും കനത്ത പോലീസ് കാവലിലാണ് നടന്നത്
