ഭർതൃവീട്ടിൽ ഗാർഹിക പീഡനം; സ്വന്തം ശരീരത്തിൽ ആത്മഹത്യാകുറിപ്പെഴുതിയ ശേഷം യുവതി ജീവനൊടുക്കി


ബാഗ്പത്: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും വീട്ടുകാരെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. ക്രൂരമായ ഗാർഹിക പീഡനങ്ങൾക്ക് യുവതി ഇരയായെന്ന പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ റാത്തോഡ ഗ്രാമവാസിയായ മനീഷയുടെ മരണത്തിലാണ് ഭർത്താവ് ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടിയത്. ഇരുപത്തിനാലുകാരിയായ മനീഷ ചൊവ്വാഴ്ച്ച രാത്രിയിലാണ് കീടനാശിനി കുടിച്ച് ജീവനൊടുക്കിയത്. ബുധനാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. താൻ ഭർത്താവിൽ നിന്നും അയാളുടെ വീട്ടുകാരിൽ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ച് ശരീരത്തിൽ എഴുതിയ ശേഷമായിരുന്നു മനീഷ ആത്മഹത്യ ചെയ്തത്.


വിവാഹശേഷം തനിക്ക് നേരിടേണ്ടി വന്ന എല്ലാ വേദനകളും തന്റെ കൈകളിലും കാലുകളിലും എഴുതിവെച്ച ശേഷമാണ് മനീഷ കീടനാശിനി കുടിച്ചത്. ഏഴ് ജന്മം കൂടെയുണ്ടാകുമെന്ന്’ പറഞ്ഞ ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടു എന്ന് പറഞ്ഞാണ് തന്റെ ശരീരത്തിൽ എഴുതിയ മനീഷയുടെ ആത്മഹത്യാ കുറിപ്പ് തുടങ്ങുന്നത്. “എന്റെ മരണത്തിന് എന്റെ ഭർത്താവ്, അമ്മായിയമ്മ, അമ്മായിയപ്പൻ, രണ്ട് സഹോദരീ ഭർത്താക്കന്മാർ എന്നിവരാണ് ഉത്തരവാദികൾ. അവർ റാത്തോഡയിൽ വന്ന് എന്റെ കുടുംബത്തെ മുഴുവൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ഭർത്താവ് എന്നെ ഒരുപാട് മർദ്ദിച്ചു, ഒരു മുറിയിൽ പൂട്ടിയിട്ട് ദിവസങ്ങളോളം തന്നെ പട്ടിണിക്കിട്ടുവെന്നും യുവതി എഴുതി.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നുവെന്നും മനീഷയുടെ കുറിപ്പിലുണ്ട്. കൂടുതൽ സ്ത്രീധനം കിട്ടാതെ വന്നതോടെ ഗുളികകൾ നൽകി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു. അനുനയ ചർച്ചകൾക്കിടെ ഗ്രമാവാസികളുടെ മുന്നിൽ വച്ച് ഭർത്താവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കുടുംബത്തെ അപമാനിക്കുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തുവെന്നും മനീഷ കുറിപ്പിൽ പറയുന്നു.

2023-ലായിരുന്നു മനീഷയുടെ വിവാഹം. സ്ത്രീധനമായി ഒരു ബുള്ളറ്റ് ബൈക്ക് നൽകിയിരുന്നു. ഇതിനുശേഷവും ഭർതൃവീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. ആവശ്യം നിറവേറ്റാതെ വന്നപ്പോൾ, മനീഷയുടെ ഭർത്താവ് മദ്യപിച്ച് മുറിയിൽ പൂട്ടിയിട്ട ശേഷം അവളെ മർദിക്കാറുണ്ടായിരുന്നുവെന്നും പട്ടിണിക്കിട്ടെന്നും കുടുംബം ആരോപിക്കുന്നു. ഭർത്താവ് വിവാഹമോചന രേഖകളിൽ ഒപ്പിടാൻ മനീഷയോട് ആവശ്യപ്പെട്ടപ്പോൾ അവൾ വിസമ്മതിച്ചു.

ബുധനാഴ്ച രാവിലെയാണ് മനീഷയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുകാർ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി ശരീരത്തിന്റെ പലഭാഗങ്ങളിലായി എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ഇതിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുകയും ആരോപണ വിധേയരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: