കെഎസ്ആര്‍ടിസിയില്‍ ബ്രത്തലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു

കൊല്ലം: മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവന്ന ബ്രത്തലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു. ഇതോടെ പലയിടത്തും സര്‍വീസ് മുടങ്ങി. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം സര്‍വീസ് മുടങ്ങിയ സ്ഥിതിയുണ്ടായി. ബ്രത്തലൈസറില്‍ പൂജ്യത്തിനുമുകളില്‍ റീഡിങ് കാണിച്ചാല്‍ സസ്‌പെന്‍ഷനാണ് ശിക്ഷ എന്നതാണ് ഡ്രൈവര്‍മാര്‍ എത്താത്തതിന് കാരണം. ബ്രത്തലൈസര്‍ പരിശോധനയ്ക്ക് വിജിലന്‍സ് സംഘം എത്തുന്ന വിവരം അറിഞ്ഞാല്‍ തലേദിവസം മദ്യപിച്ച ഡ്രൈവര്‍മാര്‍ പോലും ഡ്യൂട്ടിക്ക് എത്താറില്ല.

ബ്രത്തലൈസര്‍ പരിശോധനയെ തുടര്‍ന്ന് 204 ജീവനക്കാരെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതില്‍ നൂറിലേറെപ്പേര്‍ ഡ്രൈവര്‍മാണ്. ഇതിനുപുറമേ മെയ് മാസത്തില്‍ 274 ഡ്രൈവര്‍മാര്‍ വിരമിക്കുന്നുമുണ്ട്. ഇതോടെ കോര്‍പ്പറേഷനില്‍ ഡ്രൈവര്‍ക്ഷാമം രൂക്ഷമാകും. ഇത് പരിഹരിക്കാനായി വിരമിക്കുന്ന ഡ്രൈവര്‍മാരില്‍ തുടരാന്‍ താത്പര്യമുള്ളവരെ അതത് യൂണിറ്റുകളില്‍ തന്നെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ ‘ഊതിക്കല്‍’ പരിശോധനയില്‍, 100 മില്ലിലിറ്റര്‍ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് 30 മില്ലിഗ്രാം കടന്നാലേ ശിക്ഷ ഉണ്ടാവുകയുള്ളൂ. എന്നാല്‍ കെഎസ്ആര്‍ടിസിയിലെ രീതിയനുസരിച്ച് തലേദിവസം രാവിലെ മദ്യപിച്ചാല്‍ പോലും സസ്‌പെന്‍ഷന്‍ കിട്ടും. അതിനാല്‍ ഡ്രൈവര്‍മാര്‍ ‘അഡീഷണല്‍ ഡ്യൂട്ടി’ക്ക് വരാറില്ലെന്നാണ് യൂണിറ്റുകളില്‍നിന്ന് ലഭിക്കുന്ന വിവരം. പതിവ് ഡ്യൂട്ടിക്കു പുറമേ അഡീഷണല്‍ ഡ്യൂട്ടിക്ക് തയ്യാറുള്ള ഡ്രൈവര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പല ഡിപ്പോകളും ഓടിച്ചുകൊണ്ടുപോകുന്നത്. കഴിഞ്ഞ സ്ഥലംമാറ്റത്തിനുശേഷം ഒട്ടേറെ ഡിപ്പോകളില്‍ ഡ്രൈവര്‍ക്ഷാമം രൂക്ഷമാണ്. ഇവിടങ്ങളില്‍ സര്‍വീസുകള്‍ മുടങ്ങാറുമുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: