Headlines

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിയുമായി ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടെ എട്ട് പേർ പിടിയിൽ

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിയുമായി ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടെ എട്ട് പേർ പിടിയിലായി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് എട്ട് പേരും പിടിയിലാകുന്നത്.പിടിയിലായവരില്‍ യുവതികളും ഉള്‍പ്പെടുന്നുണ്ട്. ഇവൻ്റ്മാനേജ്മെൻ്റ് ഉടമയും അറസ്റ്റിലായവരിലുണ്ട്.

തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്‍റ് മാനേജ്മെന്‍റ് ഉടമയുമായ ഷാജി ഫെര്‍ണാണ്ടോ, അഭിഭാഷകനായ രോഹിത് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവൂത്തര്‍, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, കലൂര്‍ സ്വദേശിയായ ഓസ്റ്റിന്‍ ജോസ്, ഏവീയേഷന്‍ വിദ്യാര്‍ഥിയായ അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്.

സംഘത്തില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവും കൊക്കയ്നും മെത്താഫിറ്റമിനും പിടികൂടിയെന്ന് പോലീസ് അറിയിച്ചു. 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പില്‍ എന്നിവയാണ് കണ്ടെടുത്തത്.

ഇവൻ്റ് മാനേജ്മെൻ്റ് ഉടമയായ ഷോണ്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മയക്കു മരുന്നുകള്‍ വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ക്രൂയിസ് പാര്‍ട്ടിയിലേക്കും നീളുകയാണ്. അറസ്റ്റിലായ ഇവൻ്റ് മാനേജ്‌മെൻ്റ് ഉടമ ഷോണ്‍ ശനിയാഴ്ച കൊച്ചിയില്‍ ക്രൂയിസ് പാര്‍ട്ടി നടത്തിയിരുന്നു. ഇതിലേക്കും ലഹരി എത്തിയിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്.

ഷോണിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷോണ്‍ രണ്ടു ദിവസം മുമ്പ് ആഡംബര ഹോട്ടലില്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിയില്‍ ലഹരി വസ്തുക്കള്‍ എത്തിയോ എന്നാണ് പോലീസ് സംശയിക്കുന്നത്. ക്രൂയിസ് പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ പിടിയിലായ ആളുകള്‍ അടക്കം പങ്കെടുത്തവരെക്കുറിച്ച്‌ അന്വേഷണം നടത്തിവരികയാണ്.

പിടിച്ചെടുത്ത കൊക്കെയ്ന്‍, മെത്താഫിറ്റമിന്‍, ഹൈബ്രിഡ് കഞ്ചാവ് എന്നിവ വിദേശത്തു നിന്നാണ് എത്തിച്ചതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടവന്ത്ര എസ്‌എച്ച്‌ഒ ആര്‍ ബിജു, സബ് ഇൻസ്‌പെക്ടർ പി ആര്‍ രാജീവ്, എ എസ് ഐ രാജേഷ്, സിവില്‍ പോലീസ് ഓഫിസർമാരായ ജീവൻ, സുരാജ്, രാകേഷ് ഉദയൻ, റെനി എന്നിവരും ഡാൻസാഫ് എസ് ഐ വിനോജും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: