തിരുവനന്തപുരം: അജ്ഞാത വാഹനം ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവച്ചൽ ഉണ്ടപ്പാറ ഈന്തിക്കുന്നിൽ വീട്ടിൽ പീരുമ്മ ബീവിയാണ് മരിച്ചത്. 70 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 7.30-ഓടെ ഉണ്ടപ്പാറ ആയുർവേദ ആശുപത്രിക്കു സമീപം ആയിരുന്നു സംഭവം.
റോഡരികിൽ ഏതോ വാഹനം ഇടിച്ച് പരിക്കേറ്റനിലയിൽ കിടക്കുകയായിരുന്ന ഇവരെ അതു വഴി പോയ ബൈക്ക് യാത്രക്കാരാണ് കണ്ടത്. പിന്നാലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രദേശത്ത് കനത്ത മഴയായിരുന്നതിനാൽ വൈദ്യുതിയും ഇല്ലായിരുന്നു. ഇടിച്ചിട്ട വാഹനം ഏതാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
