തലശ്ശേരി: ലൈസൻസ് അപേക്ഷ വേഗത്തിലാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി. രാജുവാണ് പിടിയിലായത്. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജീവനക്കാരിയാണ് മഞ്ജിമ.
പറശ്ശിനിക്കടവ് സ്വദേശിയായ ഒരാളുടെ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം ഇടപെടുന്നത്. ഓൺലൈനായി നൽകിയ ലൈസൻസ് അപേക്ഷയുടെ ഫയൽ മുന്നോട്ടു നീക്കുന്നതിനായി 6,000 രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ പണം കൈമാറാൻ തയ്യാറായപ്പോൾ, ട്രെയിൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉദ്യോഗസ്ഥയ്ക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് തുക നൽകി. പണം സ്വീകരിക്കുന്നതിനിടയിൽ തന്നെ വിജിലൻസ് സംഘം സ്ഥലത്തെത്തി ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടി.
അറസ്റ്റിന് ശേഷം തുടർ നടപടികൾ ആരംഭിച്ചതായി വിജിലൻസ് അറിയിച്ചു


