40കിലോ കഞ്ചാവുമായിപോയ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു

മഞ്ചേരി: കഞ്ചാവുമായി രണ്ടുപേരെ മഞ്ചേരി എക്സൈസ് സംഘം അറസ്റ്റുചെയ്തു. 40.82 കിലോഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. കാരാപറമ്പ്-ആമയൂർ റോഡിൽ വെച്ചാണ് കഞ്ചാവ് കടത്തുകയായിരുന്ന പ്രതികളെയും അവർ സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തത്. മൊറയൂർ കീരങ്ങാട്ടുതൊടി അനസ് (31), പഞ്ചായത്തുപടി പിടക്കോഴി വീട്ടിൽ ഫിറോസ് (37) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കാറിൽനിന്ന് 20.489 ഗ്രാമും ഇവർ താമസിച്ച ചകിരിമൂച്ചിക്കലെ ഫ്ലാറ്റിൽനിന്ന് 20.331 ഗ്രാം കഞ്ചാവുമാണ് കസ്റ്റഡിയിലെടുത്തത്. കാർ പരിശോധിക്കുന്നതിനിടെ വൈദ്യുതടോർച്ച് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഷോക്കടിപ്പിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കീഴ്‌പ്പെടുത്തി അറസ്റ്റുചെയ്യുകയായിരുന്നു. അനസിന്റെ മൊറയൂരിലുള്ള വീട്ടിൽനിന്ന് 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ.യും നേരത്തേ പിടികൂടിയിരുന്നു.

അനസിന്റെ മാതാപിതാക്കളായ അബ്ദുറഹിമാൻ, സീനത്ത് എന്നിവരെ ഈ കേസിൽ മഞ്ചേരി എൻ.ഡി.പി.എസ്. കോടതി 34 വർഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ജില്ലയിലെ കഞ്ചാവ് വിൽപ്പനക്കാർക്ക് വൻതോതിൽ കഞ്ചാവ് എത്തിച്ചുനൽകുന്ന മൊത്തക്കച്ചവടക്കാരനാണ് പിടിയിലായ ഫിറോസ്. മഞ്ചേരി പൂക്കൊളത്തൂർ റോഡിൽ ചകിരിമൂച്ചിക്കലുള്ള ലോഡ്‌ജിൽ പത്തുമുറികൾ ഒന്നിച്ച് വാടകയ്ക്കെടുത്താണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടാനായത്. അന്വേഷണം ഊർജിതമാണെന്നും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും മലപ്പുറം എക്സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ നൗഫൽ അറിയിച്ചു.

അഡീഷണൽ എക്സൈസ് കമ്മീഷണർ പി. വിക്രമന്റെ മേൽനോട്ടത്തിൽ മലപ്പുറം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്, മലപ്പുറം എക്സൈസ്‌ ഇന്റലിജിൻസ് ബ്യൂറോ, എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് എന്നിവരുടെ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. പി.കെ. മുഹമ്മദ് ഷഫീഖ്, എക്സൈസ്‌ ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, അസി. എക്സൈസ്‌ ഇൻസ്‌പെക്ടർമാരായ അബ്ദുൾവഹാബ്, ആസിഫ് ഇഖ്‌ബാൽ, ഒ. അബ്ദുൾനാസർ, കെ. പ്രദീപ്‌കുമാർ, പ്രിവന്റീവ് ഓഫീസർ കെ. അരുൺകുമാർ, സിവിൽ എക്സൈസ്‌ ഓഫീസർമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: