ആസാമിലെ സിൽച്ചാറിൽ ഗൈനക്കോളജിസ്റ്റായി ഒരു പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച വ്യാജ ഡോക്ടർ അറസ്റ്റിൽ. മതിയായ മെഡിക്കൽ യോഗ്യതകളൊന്നുമില്ലാത്ത ഇയാൾ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കൽ ശസ്ത്രക്രിയകളുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുലോക് മലക്കാർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സിൽച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഈ പ്രദേശത്തെ അറിയപ്പെടുന്ന ‘ഡോക്ടറുമായിരുന്നു’ ഇയാൾ.
രഹസ്യവിവരത്തെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇയാൾ സിൽച്ചാറിലെ ഷിബ്സുന്ദരി നാരി ശിക്ഷാ സേവാ ആശ്രമ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ സിസേറിയൻ നടത്തുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. “ഞങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എല്ലാ രേഖകളും പരിശോധിച്ച ശേഷം ഇയാളുടെ എല്ലാ സർട്ടിഫിക്കറ്റുകലും വ്യാജമാമെന്ന് ഞങ്ങൾ കണ്ടെത്തി. അയാൾ ഒരു വ്യാജ ഡോക്ടറായിരുന്നു. വർഷങ്ങളായി ഇയാൾ തട്ടിപ്പ് നടത്തി വരികയായിരുന്നു,” മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ നുമൽ മഹത്ത പറഞ്ഞു. ആസമിലെ ഭൂമി സ്വദേശിയായ മലകറിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
വ്യാജ ഡോക്ടർമാർക്കെതിരേ ആസാമിൽ നടത്തിയ വലിയ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ്. 2025 ജനുവരിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ആന്റി ക്വാക്കറി ആൻഡ് വിജിലൻസ് സെൽ രൂപീകരിച്ചിരുന്നു. മതിയായ യോഗ്യതകളില്ലാതെ ഡോക്ടർമാരായി സേവനം ചെയ്യുന്ന ആളുകളെ തിരിച്ചറിയാൻ പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണിത്.
ഇത് രൂപീകരിച്ചതിന് ശേഷം സംസ്ഥാനത്തുടനീളം 13 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 10 വ്യാജ ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു പ്രതി നിലവിൽ ഒളിവിലാണ്. ഗ്രാമീണ, നഗര പ്രദേശങ്ങളിലെ താഴ്ന്ന, ഇടത്തരം വരുമാനക്കാരായ രോഗികളെ ലക്ഷ്യമിട്ടാണ് മിക്കവരും പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസം നാഗോൺ, ജോർഹട്ട് എന്നിവടങ്ങളിൽ നിന്നുള്ള നാല് വ്യാജ ഡോക്ടർമാരെ അറസ്റ്റ് ചെയ്തിരുന്നു. നാലുപേരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
