Headlines

ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിന് ജാമ്യം

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിന് ജാമ്യം. കർശന ഉപാധികളോടെയാണ് കോടതി പി.ടി.കുഞ്ഞുമുഹമ്മദിന് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. 7 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. തിരുവനന്തപുരം എഴാം ആഡീ.സെഷന്‍സ് കോടതിയിൽ നിന്നാണ് ഈദേഹത്തിന് ജാമ്യം ലഭിച്ചത്. പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.


അതേസമയം, സംവിധായകന്റെ അതിക്രമം പരാതിക്കാരിയെ വല്ലാതെ തളര്‍ത്തിയെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ദിവസങ്ങളെടുത്തു. കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷമാണ് സംവിധായകനെതിരെ പരാതി നല്‍കിയത്. രാഷ്ട്രീയപ്രേരിതമായ കേസല്ലെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള സിനിമകളുടെ സ്ക്രീനിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻ എംഎൽഎയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കൻറോൺമെൻറ് പോലീസിന് കൈമാറുകയായിരുന്നു. പോലീസിനോടും ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു. എന്നാൽ, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പു പറയാൻ തയ്യാറാണെന്നും തനിക്കെതിരെ മുൻപൊരിക്കലും ഇത്തരത്തിലുള്ള ഒരു പരാതി ഉണ്ടായിട്ടില്ലെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

ഡിസംബർ 13ന് നടക്കാനിരിക്കുന്ന 30ാമത് രാജ്യാന്തര ചലച്ചിത്ര മേളയിയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം. ഐഎഫ്എഫ്‍കെയിലേക്കുള്ള മലയാളം സിനിമകളുടെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്. ഇവിടെ വെച്ച് വനിതാ ചലച്ചിത്ര പ്രവർത്തകയോട് മോശമായി പെരുമാറിയതായാണ് പരാതി.

അതേസമയം, പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ് അറിയിച്ചു. ഇക്കാര്യം സാധൂകരിക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന സമയത്ത് കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട പി ടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷൻസ് കോടതിയി പോലീസിനോട് റിപ്പോർട്ട് തേടിയത്. സംവിധായികയുടെ രഹസ്യമൊഴി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നേരത്തേ രേഖപ്പെടുത്തിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: