കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം; ദാരിദ്ര്യമെല്ലാം മാറുമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദാരിദ്ര്യമെല്ലാം മാറുമെന്ന് മന്ത്രി ഗണേഷ് കുമാർ. ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

അതേസമയം മുൻ ഗതാഗത മന്ത്രി ആന്റണി രാജുവും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറും തമ്മിലുള്ള ഭിന്നത വീണ്ടും മറനീക്കി. ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളുടെ ഉദ്ഘാടനത്തിൽനിന്ന് സ്ഥലം എംഎൽഎ ആന്റണിരാജുവിനെ ഒഴിവാക്കി. എംഎൽഎയെ ഒഴിവാക്കാൻ ഉദ്ഘാടന വേദിയും മാറ്റി. ഇലക്ട്രിക് ബസുകളുടെ പേരിൽ ഇരുവരും നേരത്തെ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. ഇലക്ട്രിക് ബസ് വേണമെന്നായിരുന്നു ആന്റണി രാജുവിന്റെ നിലപാട്. വേണ്ടെന്ന് ഗണേഷ് കുമാറും.

ആന്റണി രാജുവിനെ ഒഴിവാക്കാൻ പുത്തരിക്കണ്ടത്തെ പരിപാടി വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് മാറ്റിയെന്നാണ് ആക്ഷേപം. പുത്തരിക്കണ്ടം ആന്റണി രാജുവിന്റെ മണ്ഡലത്തിലാണ്. ഉദ്ഘാടനം നടന്ന വികാസ് ഭവൻ ഡിപ്പോ വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. വികാസ് ഭവനു മുന്നിലുള്ള റോഡിന്റെ എതിർവശത്താണ് ആന്റണി രാജുവിന്റെ മണ്ഡലം തുടങ്ങുന്നത്. ഇലക്ട്രിക് ബസുകൾ ആന്റണി രാജു സന്ദർശിച്ചു. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകളെത്തിയത്.

‘‘കിഴക്കേക്കോട്ടയിൽ നായനാർ പാർക്കിൽ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. പിന്നീടാണ് വേദി മാറ്റിയത്. ഇലക്ട്രിക് ബസ് എന്റെ കുഞ്ഞു കൂടിയാണ്. അതിനെ കാണാനുള്ള കൗതുകത്താൽ എത്തിയതാണ്. സ്മാർട് സിറ്റി പദ്ധതിയിൽ 100 കോടി അനുവദിച്ചതിനാലാണ് 103 ഇലക്ട്രിക് ബസുകൾ വാങ്ങാൻ തീരുമാനിച്ചത്. ജനുവരിയിൽ ഡബിൾ ഡക്കർ ഓടിത്തുടങ്ങേണ്ടതായിരുന്നു. കിഴക്കേക്കോട്ടയാണ് നഗരത്തിലെ പ്രധാനഭാഗം.

അവിടെവച്ചാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ഇത്തവണ ഒഴിഞ്ഞ മൂലയിലായി ഉദ്ഘാടനം. ബസുകൾ ഇവിടെ ഫ്ലാഗ് ഓഫ് ചെയ്താലും പ്രവർത്തിപ്പിക്കേണ്ടത് എന്റെ മണ്ഡലമായ തമ്പാനൂരിലാണ്. മുംബൈ കഴിഞ്ഞാൽ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുള്ള സംസ്ഥാനമാണ് കേരളം. ഓപ്പൺ റൂഫ് ഉള്ള ബസ് പ്രവർത്തിപ്പിക്കുന്ന ഏക സംസ്ഥാനവും കേരളമാണ്. എന്റെ കൂടി കുഞ്ഞാണ് ഇലക്ട്രിക് ബസ്. ബസ് ഇറങ്ങുമ്പോൾ ഒരു അച്ഛനുണ്ടാകുന്ന സന്തോഷമുണ്ട്. കുട്ടിയെ ആരു വളർത്തിലായും കുഴപ്പമില്ല’’– ആന്റണി രാജു പറഞ്ഞു.

ഇലക്ട്രിക് ബസുകൾ ഇനി വേണ്ടെന്നായിരുന്നു സ്ഥാനമേറ്റയുടനെ കെ.ബി.ഗണേഷ് കുമാർ പറഞ്ഞത്. ഇലക്ട്രിക് ബസുകൾക്ക് പകരം ഡീസൽ ബസുകൾ ഓടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ആന്റണി രാജുവും വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്തും രംഗത്തെത്തി. സിപിഎമ്മിലും ഗണേഷ് കുമാറിന്റെ നിലപാടിന് പിന്തുണ ലഭിച്ചില്ല. ഗണേഷ് കുമാറിന്റെ നയങ്ങളോട് വിയോജിച്ച് സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെഎസ്ആർടിസി എംഡി ബിജുപ്രഭാകർ സർക്കാരിനെ അറിയിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: