ധാക്ക: ഇരുപത്തൊന്നുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് ഫസർ അലി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയാണ് ഫസർ അലി. യുവതിയുടെ വീഡിയോ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ മുറാദ് നഗറിൽ ഈ മാസം 26നാണ് ഹിന്ദു യുവതി ബലാത്സംഗത്തിനിരയായത്.
രാമചന്ദ്രപൂർ പച്ചിട്ട ഗ്രാമത്തിലെ പ്രാദേശിക നേതാവാണ് മുപ്പത്തെട്ടുകാരനായ ഫസർ അലി. സംഭവദിവസം ഇയാൾ യുവതിയുടെ പിതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് ദുബായിലാണ് ജോലി ചെയ്യുന്നത്. പ്രാദേശിക ഉത്സവമായ ഹരി സേവയിൽ പങ്കെടുക്കാൻ കുട്ടികളോടൊപ്പം പിതാവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു യുവതി. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഇവർ വാതിൽ തുറക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഫസർ അലി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തു.
നാട്ടുകാർ പ്രതിയെ പിടികൂടി മർദ്ദിച്ചെങ്കിലും ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ജൂൺ 27 ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മുറാദ്നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് ഇയാൾ അറസ്റ്റിലായത്. പുലർച്ചെ അഞ്ചു മണിയോടെ ധാക്കയിലെ സയ്ദാബാദ് പ്രദേശത്ത് നിന്നാണ് ഫസർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം, ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ


