പെരുമ്പാവൂർ : പെരുമ്പാവൂരിൽനിന്ന് കള്ളനോട്ടുമായി പിടിയിലായ ബംഗ്ലാദേശ് സ്വദേശി ഇന്ത്യയിലെത്തിയത് 18 കൊല്ലം മുൻപെന്ന് പോലീസ്. കേരളത്തിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് ബംഗ്ലാദേശിൽ കൊണ്ടുപോയി വിൽക്കുകയും കള്ളനോട്ടുമായി തിരികെ വരുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന ഏജന്റാണ് ഇയാളെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന് റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ 23-നാണ് ബംഗ്ലാദേശ് അലൈപ്പൂർ സ്വദേശി സലിം മണ്ഡൽ (32) പെരുമ്പാവൂരിൽനിന്ന് പിടിയിലായത്. 18 വർഷം മുൻപ് ഇന്ത്യയിലെത്തിയ ഇയാൾ ആദ്യത്തെ മൂന്നുവർഷം പശ്ചിമ ബംഗാളിലായിരുന്നു. 15 വർഷമായി കേരളത്തിലുണ്ട്.
പശ്ചിമബംഗാളിൽനിന്ന് ഇയാൾ ഇന്ത്യൻ പാസ്‌പോർട്ടും ആധാർ കാർഡും എടുത്തു. പാസ്‌പോർട്ടിൽ ബംഗ്ലാദേശ് വിസ പതിപ്പിച്ചു. ഇന്ത്യക്കാരനാണെന്ന് തെളിയിച്ച് ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ചാണ് ഇയാൾ ബംഗ്ലാദേശിൽ പോയി വന്നിരുന്നത്.
കേരളത്തിൽ പരമാവധി രണ്ടായിരം രൂപ കിട്ടുന്ന മൊബൈൽ ഫോണിന് ബംഗ്ലാദേശിൽ 40,000 രൂപയുടെ കള്ളനോട്ട് ലഭിക്കുമെന്നാണ് വിവരം. കസ്റ്റഡിയിലെടുക്കുമ്പോൾ 17 അഞ്ഞൂറിന്റെ വ്യാജ നോട്ടുകൾ ഇയാളിൽനിന്ന് കണ്ടെടുത്തു. നിരവധി വ്യാജ നോട്ടുകൾ ഇവരുടെ സംഘം ഇന്ത്യയിൽ വിതരണം ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ട്. നോട്ട് അടിക്കുന്ന പേപ്പറും മഷിയും ഇയാൾ ബംഗ്ലാദേശിലെത്തിച്ചതായും വിവരമുണ്ട്. അൻപതോളം മൊബൈൽ ഫോണുകൾ ഒരുമിച്ചാണ് ബംഗ്ലാദേശിലേക്ക് കടത്തുന്നത്.
മുൻപ് ബലാത്സംഗ കേസിൽ അറസ്റ്റിലായ ഇയാൾ ബിഹാർ സ്വദേശിയായ ഇരയ്ക്ക് നഷ്ടപരിഹാരം നൽകി കേസിൽനിന്ന് രക്ഷപ്പെട്ടു. പെരുമ്പാവൂർ അല്ലപ്രയിൽ അനധികൃതമായി താമസിച്ചിരുന്ന സലിം മണ്ഡലിന്റെ അമ്മ റൊജീന (52) യും പോലീസ് കസ്റ്റഡിയിലുണ്ട്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ എഎസ്‌പി ശക്തി സിങ് ആര്യ, ഇൻസ്‌പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്‌പെക്ടർ പി.എം. റാസിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
