മലപ്പുറം: മലപ്പുറം പൊന്നാനിയിൽ കാടിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി ഇളയരാജ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. നരിപ്പറമ്പിൽ അപകടത്തിന് പിന്നാലെ നിർത്താതെ പോയ കാർ മറ്റൊരു സ്ത്രീയെ ഇടിച്ചു പരിക്കേൽപ്പിച്ചു. ഇളയരാജയുടെ പരിക്ക് ഗുരുതരമായിരുന്നു. അപകടത്തെ തുടർന്ന് സ്ത്രീയെ പൊന്നാനി ബെൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇളയരാജയെ പൊന്നാനി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇളയരാജയെ ഇടിച്ച ശേഷം അമിതവേഗതയിൽ പാഞ്ഞ കാർ സമീപത്ത് വെച്ചാണ് സ്ത്രീയെ ഇടിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അപകടമുണ്ടാക്കിയ വാഹനം പിന്നീട് നാട്ടുകാര് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാർ ഓടിച്ച ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നാണ് നിഗമനം. സംഭവത്തിൽ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു


