തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു ഇയാൾ. വിജയകുമാർ എസ്ഐടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്നാണ് വിജയകുമാർ പറയുന്നത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണെന്നും സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിജയകുമാർ പറയുന്നു. കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ വിജയകുമാർ പിൻവലിക്കുകയും ചെയ്തു.
കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇരുവരും മുൻകൂർ ജാമ്യത്തിന് നീക്കം നടത്തിയിരുന്നു.ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു പത്മകുമാറിൻ്റെ മൊഴി.


