അബുദാബി: അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാലുപേർ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അബ്ദുൽലത്തീഫും റുക്‌സാനയും അവരുടെ മറ്റ് രണ്ട് മക്കളും ഗുരുതര പരിക്കുകളോടെ അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്
ശനിയാഴ്ച രാവിലെ അബുദാബി–ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുഎഇയിൽ തന്നെ കബറടക്കം നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു


