ആലപ്പുഴ പുന്നപ്രയില്‍ നാടിനെ നടുക്കി ക്രൂരപീഡനം. പതിനാല് വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് നാല് വർഷത്തോളമായി പീഡിപ്പിച്ചു
പെണ്‍കുട്ടി സുഹൃത്തിനോട് വിവരങ്ങള്‍ തുറന്നു പറഞ്ഞതോടെയാണ് അതിക്രൂര പീഡനം മറനീക്കിയത്. സംഭവത്തില്‍ പിതാവടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പതിനാല് വയസുകാരിയായ പെണ്‍കുട്ടി എട്ടാം വയസില്‍ അമ്മയുടെ സഹോദരനില്‍ നിന്ന് പീഡനമേറ്റിരുന്നു. പൊലീസ് പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സി ഡബ്ല്യൂ സിയുടെ സംരക്ഷണയിലേക്ക് മാറ്റി. 2022 ലാണ് കുട്ടിയെ പിതാവിന് കൈമാറുന്നത്. പിതാവ് കൂട്ടിക്കൊണ്ട് പോയത് സഹോദരിയുടെ വീട്ടിലേക്ക്. ഇവിടെ വെച്ചാണ് വർഷങ്ങള്‍ നീണ്ട ലൈംഗിക വൈകൃതത്തിന് പിതാവ് മകളെ ഇരയാക്കിയത്.ഇത് കൂടാതെ പിതാവിന്റെ സഹോദരീ ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു.
പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ബന്ധു പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനം വിവരം തുറന്നു പറഞ്ഞു. ഇതോടെയാണ് പൊലീസിലേക്ക് സംഭവമെത്തുന്നത്. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതോടെ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായി. പിതാവ് ഉള്‍പ്പടെ നാല് പേർക്കെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിതാവിന്റെ ബന്ധുവിനെ കൂടി പിടികൂടാനുണ്ട്. പെണ്‍കുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിന്റെ സംരക്ഷണയിലേക്ക് മാറ്റി.


