ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ. ആഗോളസംഘർഷങ്ങള്‍ പെരുകുമ്പോള്‍ ഇന്ത്യ സ്വീകരിക്കുന്ന നയതന്ത്ര നിലപാടാണ് ചോദ്യംചെയ്യപ്പെടുന്നത്.
ഡൽഹിയിലെ ഇറാൻ എംബസിയിൽ വിദേശസെക്രട്ടറി അനുശോചന രേഖയിൽ ഒപ്പിട്ടെങ്കിലും പ്രധാനമന്ത്രി മോദി വ്യക്തിപരമായ ഒരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല. ബോധപൂര്‍വമുള്ള ഈ നടപടി പശ്ചിമേഷ്യൻ സംഘർഷത്തിൽ നിഷ്പക്ഷത പുലർത്തുന്ന രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. അമേരിക്കയെയും ഇസ്രയേലിനെയും പിണക്കാതിരിക്കാനുള്ള മോദിയുടെ പരിശ്രമമാണിത് –‘അൽ ജസീറ’ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ അധിനിവേശ നയങ്ങളെ നടപടികളെ വിമർശിക്കാനുള്ള വിമുഖതയാണ് മോദിയുടെ മൗനമെന്ന് ‘ദ ഗാർഡിയൻ’ പറയുന്നു. അമേരിക്കയുമായും ഇസ്രയേലുമായുള്ള പ്രതിരോധ-, സാങ്കേതിക മേഖലയിലെ സഹകരണം നിലനിർത്താനുള്ള “കണക്കുകൂട്ടിയുള്ള സംയമനം’ ആണിതെന്ന് റോയിട്ടേഴ്സ് വിലയിരുത്തുന്നു.
പ്രധാന ഊർജ പങ്കാളിയും മധ്യേഷ്യയിലേക്കുള്ള തന്ത്രപ്രധാനമായ കവാടവുമായ ഇറാനുമായുള്ള ബന്ധം തകരാന്‍ മോദിയുടെ നിലപാട് വഴിവയ്ക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ആഗോള കാര്യങ്ങളിൽ വിശ്വസനീയ ശബ്ദമായി നിലനില്‍ക്കാനുള്ള ഇന്ത്യയുടെ ശേഷി ഇതോടെ ചോദ്യംചെയ്യപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


