സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ വൻ ഇടിവ്. ആഗോളവിപണിയിലെ വിലയിടിവാണ് കേരള വിപണിയേയും സ്വാധീനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വലിയ വർധനവ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് പിടിവിട്ട് താഴേക്ക് പതിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച ഔണ്‍സിന് 5,594.82 ഡോളർ എന്ന സർവകാല ഉയരത്തിലെത്തിയ രാജ്യാന്തര സ്വർണവില ഇന്നലെ 5,000 ഡോളറിലേക്ക് വീണിരുന്നു. ഇന്ന് ഒരു ഘട്ടത്തില്‍ 4697 ഡോളറിലേക്കടക്കം വില താഴ്ന്നു. പിന്നീട് നേരിയ തോതില്‍ ഉയർന്ന് 4893.2 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വർണം കത്തിക്കയറിയപ്പോള്‍ വ്യാഴാഴ്ച 8000ത്തിലധികം രൂപയായിരുന്നു കേരളത്തില്‍ ഒരുപവന് ഒറ്റയടിക്ക് ഉയർന്നത്. ഇന്നലെ രാജ്യാന്തര വിപണിയില്‍ വിലയിടിഞ്ഞതോടെ കേരളത്തില്‍ സ്വർണ വില 5000 രൂപയ്ക്ക് താഴെ ഇടിഞ്ഞിരുന്നു.
വിലയിടിവിന് കാരണം
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനമാണ് ഇന്ന് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത്. ജെറോം പവലിന് ശേഷം ഫെഡറല്‍ റിസർവ് ചെയർമാനായി മുൻ ഫെഡ് ഗവർണറായിരുന്ന കെവിൻ വാർഷിനെ നിയമിച്ചിരിക്കുകയാണ് ട്രംപ്. കെവിൻ വാർഷ് താരതമ്യേന കണിശക്കാരനും സെൻട്രല്‍ ബാങ്കിന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നയാള്‍ കൂടിയാണ്. ഇദ്ദേഹം പലിശ നിരക്ക് കുറക്കണമെന്ന ട്രംപിൻ്റെ വാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികൂടിയാണ്. കെവിൻ്റെ നിയമനം ഫെഡിന്റെ മേലുള്ള രാഷ്ട്രീയ സമ്മർദ്ദം കുറയ്ക്കുമെന്ന മുൻ ഭയം ഇല്ലാതാക്കി. ഡോളറിന്റെ മൂല്യം കുറയുന്നതിനും വിലക്കയറ്റത്തിനും എതിരായ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണ്ണത്തിലുള്ള നിക്ഷേപം ഇതുവരെ വർദ്ധിപ്പിച്ചത് ഈ ഭയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ആശങ്ക അയഞ്ഞതോടെ യുഎസ് ഡോളർ സൂചിക ശക്തമായി തിരിച്ചുവന്നു, ഇത് വിദേശ വാങ്ങലുകാർക്ക് സ്വർണം കൂടുതല്‍ ചെലവേറിയതാക്കി. കനത്ത ലാഭമെടുപ്പും വിലയിടിവിനെ സ്വാധീനിച്ചിട്ടുണ്ട്
കേരളത്തില്‍ ഇന്നത്തെ സ്വർണ വില
സംസ്ഥാനത്ത് ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 15510 രൂപയായിരുന്നു വില. ഇന്ന് ഗ്രാം വിലയില്‍ 790 രൂപയുടെ കുറവ് രേഖപ്പെടുത്തി. 14720 രൂപയാണ് ഇന്ന് ഗ്രാമിന് രേഖപ്പെടുത്തിയത്. 1,24,080 രൂപയുണ്ടായിരുന്ന പവൻ വിലയില്‍ ഇന്ന് 6320 രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 1,17,760 രൂപയാണ് നിലവില്‍ 22 കാരറ്റ് സ്വർണത്തിൻ്റെ നിരക്ക്. 18 കാരറ്റ് സ്വർണവും വിലകുറഞ്ഞ് കൂടുതല്‍ ആകർഷകമായി. ഇന്ന് ഗ്രാമിന് വില 12825 രൂപയാണ്.
ഒരു പവൻ വാങ്ങണമെങ്കില്‍
പവന് വില ഇടിഞ്ഞെങ്കിലും ഇന്നും ആശ്വാസക്കണക്കല്ല. ഒരു പവൻ സ്വർണം വാങ്ങണമെങ്കില്‍ അടിസ്ഥാന പണിക്കൂലിയായ അഞ്ച് ശതമാനവും 3 ശതമാനം ജി എസ് ടിയും ചേർത്ത് ഒരു പവന് 127181 രൂപ നല്‍കണം. ഇനി 10 ശതമാനമാണ് പണിക്കൂലി വരുന്നതെങ്കില്‍ 1,33,069 രൂപയും 20 ശതമാനമാണ് പണിക്കൂലിയെങ്കില്‍ 1,44,845 രൂപയും നല്‍കേണ്ടി വരും. വിവാഹ ആവശ്യങ്ങള്‍ക്ക് വാങ്ങുന്ന സ്വർണത്തിന് 35 ശതമാനത്തില്‍ കൂടുതല്‍ പണിക്കൂലി ഈടാക്കാറുണ്ട്.
വില്ക്കാൻ പ്ലാൻ ഉണ്ടെങ്കില്‍ ഇപ്പോള്‍ ആയിക്കോട്ടെ
സ്വർണ വില വർധിച്ച് തുടങ്ങിയതോടെ വാങ്ങുന്നതിനേക്കാള്‍ വില്‍ക്കുന്നതിനാണ് ആളുകള്‍ ജ്വല്ലറികളിലേക്ക് എത്തുന്നത് എന്നാണ് വ്യാപാരികള്‍ വ്യക്തമാക്കിയത്. എന്തായാലും കഴിഞ്ഞ ദിവസങ്ങളില്‍ സ്വർണ വില കുതിച്ചതോടെ വില ഇനിയും ഉയരട്ടെ എന്ന കാത്തിരിപ്പിലായിരുന്നു ചിലർ. എന്നാല്‍ ഇനി വില ഇടിയാനാണ് സാധ്യതയെന്നും അതിനാല്‍ വില്ക്കാൻ പദ്ധതിയുള്ളവർ എത്രയും പെട്ടെന്ന് വില്‍ക്കുന്നതായിരിക്കും നല്ലതെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം വാങ്ങാൻ ആലോചിക്കുന്നവർ അല്പം കൂടി കാത്തിരിക്കുന്നതാണ് ഉചിതമെന്നും ഇവർ പറയുന്നു.


