ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഹിന്ദി സംഘടനയായ നിരാലാ ഹിന്ദി അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജാ പുരസ്കാരം പ്രശസ്ത ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ.ആര്‍സുവിന് 2026 ഏപ്രില്‍ 11 ന് കവി കുരീപ്പുഴ ശ്രീകുമാര്‍ സമ്മാനിക്കും. 25000/-രൂപയും ഫലകവുമടങ്ങിയതാണ് ‘കേരളത്തിലെ ഹിന്ദി വിദ്യാര്‍ത്ഥികളുടെ ഗുരുദക്ഷിണ’യായി നല്‍കപ്പെടുന്ന ഈ പുരസ്കാരം. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടക്കുന്ന സമ്മേളനം ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സന്‍ എം.പ്രദീപ് ഉദ്ഘാടനം ചെയ്യും. കേരള സര്‍വ്വകലാശാല ഹിന്ദി വിഭാഗം മുന്‍ മേധാവി ഡോ.എസ്.തങ്കമണി അമ്മ,അധ്യക്ഷത വഹിക്കും. രാധാകൃഷ്ണന്‍ കുന്നുംപുറം, വര്‍ക്കല ഗോപാലകൃഷ്ണന്‍, ഡോ.ഒ.വാസവന്‍, ഡോ.രതീഷ് നിരാലാ, എ.കെ.സുപ്രിയ, ഡോ.നാദിയ എസ്.രാജ് എന്നിവര്‍ പ്രസംഗിക്കും. നിരാലാ ബുക്സ് പ്രസിദ്ധീകരിക്കുന്ന മണിപ്പുരി കഥകള്‍, ഹിന്ദി പുതുകഥകള്‍ എന്നീ പുസ്തകങ്ങള്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്യും. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളേയും ജനപ്രതിനിധികളായ നിരാലാ പൂര്‍വ്വവിദ്യാര്‍ത്ഥികളേയും പുരസ്കാരങ്ങള്‍ നല്‍കി അനുമോദിക്കും. സമ്മേളനത്തിന് മുന്നോടിയായി ആറ്റിങ്ങല്‍ മലയാളശാല ഓണപ്പാട്ട് മേള അവതരിപ്പിക്കും.


