നേമം: മകൻ അമ്മയെ വെട്ടിപ്പരിക്കേല്പിച്ചു. പുതിയ കാരയ്ക്കാമണ്ഡപം ശിവക്ഷേത്രത്തിനുസമീപം മേടയിൽവീട്ടിൽ മുസമ്മിൽ(23)ആണ് അമ്മ സാജിദ(40)യെ കറിക്കത്തിക്കു വെട്ടിപ്പരിക്കേൽപ്പിച്ചത്. ലഹരിക്കടിമയായ മുസമ്മിലിന് ലഹരിയുപയോഗത്തിനു പണം നൽകാത്തതിനാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടുകൂടിയാണ് സംഭവം. ലഹരിക്കടിമയായ മുസമ്മിലിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ സാജിദയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസമയത്ത് വീട്ടിൽ മറ്റാരുമില്ലായിരുന്നു. ആക്രമണത്തിൽ സാജിദയുടെ തലയ്ക്കും മുഖത്തും ഇടതുകൈക്കും പരിക്കേറ്റു. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് നേമം പോലീസ് എത്തി മുസമ്മിലിനെ കസ്റ്റഡിയിലെടുക്കുകയും സാജിദയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു

