Headlines

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾക്കും രാസകുങ്കുമത്തിനും വിലക്ക്; ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനായുള്ള വിശാലമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകളുടെ (സാച്ചെറ്റുകൾ) വിൽപ്പന നിരോധിച്ചു. പ്രദേശത്തെ എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും നേരത്തെ ഏർപ്പെടുത്തിയിരുന്ന നിരോധനത്തിന്റെ വിപുലീകരണമാണിത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി നിർദ്ദേശിക്കുന്ന ജൈവ ഉൽപ്പന്നങ്ങൾ മാത്രമേ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുവരാൻ പാടുള്ളൂ എന്ന് കോടതി നിർദ്ദേശിച്ചു.

പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റേതാണ് നിർദ്ദേശം. പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപനയും വിലക്കിയിട്ടുണ്ട്. മണ്ഡല – മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കാനിരിക്കെയാണ് നിർണായക ഉത്തരവിട്ടിരിക്കുന്നത്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും കോടതി പരിശോധിച്ചു. തീർത്ഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലേയും ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടത്താളവങ്ങളിലെ സൗകര്യങ്ങൾ സംബന്ധിച്ച് സ്‌പെഷ്യൽ കമ്മീഷണർ സമര്‍പ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദ്ദേശം.

അതേസമയം, വലിയതോട്ടിലെ മാലിന്യം നീക്കം ചെയ്തെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് കോടതിയെ അറിയിച്ചു. എരുമേലിയിൽ എത്തുന്ന ഭക്തരിൽ വലിയൊരു വിഭാഗം പേട്ടയ്ക്ക് മുൻപും ശേഷവും വലിയതോട്ടിലാണ് കുളിക്കുന്നത്. എന്നാൽ തോട്ടിൽ വലിയ തോതിൽ മാലിന്യം കണ്ടെത്തിയെന്നും തുടർന്ന് നീക്കം ചെയ്തെന്നുമാണ് പഞ്ചായത്ത് കോടതിയെ അറിയിച്ചത്.

തീർത്ഥാടകർക്ക് അവരുടെ ഇരുമുടിക്കെട്ടിൽ മുഖ്യപുരോഹിതൻ നിർദ്ദേശിക്കുന്ന ജൈവവിഘടനം സംഭവിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ. തീർത്ഥാടന കാലത്ത് നിരോധനം കർശനമായി നടപ്പാക്കാൻ കോടതി അധികാരികൾക്ക് ഉത്തരവിട്ടു. വ്യാപാരികൾ ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനും നിർദ്ദേശം നൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: