തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനായ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കീഴടങ്ങിയത്. സുകാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ. കേസിൽ പുറത്ത് വന്ന തെളിവുകൾ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും നിരവധിയായ തെളിവുകൾ സുകാന്തിനെതിരെ പുറത്ത് വരേണ്ടതുണ്ട് എന്നും കോടതി നിരീക്ഷിച്ചിരുന്നു. അതിനാൽ കേസിൽ അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു.
വാട്സ് ആപ്പ് ചാറ്റുകള്‍ ചോര്‍ന്നുവെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള നിര്‍ണായക ചാറ്റുകല്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് കോടതി ചോദിച്ചു. പൊലീസിൽ നിന്ന് തന്നെയാണെന്ന് കരുതേണ്ടിവരുമെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. വാട്സആപ്പ് ചാറ്റുകള്‍ ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തിയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരുന്നു. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. സുകാന്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കുമെന്നതിന്റെ തെളിവുകൂടിയാകുകയാണ് നിർണാകമായ ഈ ചാറ്റ് വിവരങ്ങൾ.
സുകാന്ത് ചാറ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും പൊലീസിന് ചാറ്റുകൾ വീണ്ടെടുക്കാനായി. മരിക്കുന്നത് എന്നാണെന്ന് ഇയാൾ നിരന്തരം ചോദിച്ചതിന് പിന്നാലെ താൻ ആഗസ്റ്റ് 9ന് മരിക്കുമെന്ന് ഐബി ഉദ്യോഗസ്ഥ മറുപടി നൽകി. കോടതിയിലായിരുന്ന പ്രതിയുടെ ഐ ഫോൺ വീണ്ടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് ചാറ്റുകൾ വീണ്ടെടുത്തത്. വിശദമായ ഫൊറൻസിക് പരിശോധനയും നടന്നുവരികയാണ്. പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ മുതൽ സുകാന്ത് സുരേഷ് ഒളിവിലാണ്. കേസ് ഡയറിയുടെ ചില ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുപോയതിൽ അന്വേഷണം വേണമെന്ന് കോടതി നിർദേശിച്ചു. ജാമ്യം നിഷേധിച്ചതോടെ ഇനി കീഴടങ്ങുക മാത്രമാണ് സുകാന്തിന് മുന്നിലെ വഴി.
സ്നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്യുകയാണ് പ്രതി ചെയ്തിട്ടുള്ളതെന്നും ഒരേ സമയം നിരവധി സ്ത്രീകളുമായും സുകാന്തിന് ബന്ധമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കേസിൽ സുകാന്തിനെ ഇൻ്റലിജൻസ് ബ്യൂറോ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.
കഴിഞ്ഞ മാർച്ച് 24-നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതിൻ്റെ തെളിവുകൾ ലഭിച്ചതായും പൊലീസ് പറഞ്ഞിരുന്നു.
