കോട്ടയം: ഏറ്റുമാനൂരിൽ യുവതിയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി നോബിയാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണ കുറ്റം ഉൾപ്പെടെ ചുമത്തിയാണ് നോബിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് ഏറെക്കാലമായി തൻ്റെ ഏറ്റുമാനൂർ പാറോലിക്കലിലെ വീട്ടിലായിരുന്നു മക്കളോടൊപ്പം ഷൈനി താമസിച്ചിരുന്നത്. നഴ്സ് ബിരുദധാരിയായിരുന്ന ഷൈനിയെ നോബി ജോലിക്ക് പോകാൻ അനുവദിച്ചിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കം നിലനിൽക്കുകയും ഷൈനിയെ നോബി ശാരീരികമായി ഉപദ്രവിച്ചിരുന്നതായും ആരോപണമുണ്ടായിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു തൊടുപുഴ ചുങ്കം സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ മൂവരുടേയും സംസ്കാരചടങ്ങുകൾ നടന്നത്.
പാറോലിക്കലിലെ വീട്ടിൽ ശുശ്രൂഷകൾ നടക്കുമ്പോഴും നോബി വീടിനു സമീപം കാറിൽ ഇരിക്കുകയായിരുന്നു. മൃതദേഹം കൊണ്ടുപോകാനായി എടുത്തപ്പോഴാണ് നോബി പുറത്തിറങ്ങിയത്. ഇതോടെ നാട്ടുകാരും ബന്ധുക്കളും നോബിക്കുനേരെ തിരിഞ്ഞിരുന്നു. പൊലീസ് ഇടപെട്ടാണു സ്ഥിതി ശാന്തമാക്കിയത്. ഷൈനിയുടെയും മക്കളുടേയും മരണത്തിൽ നോബിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു
