Headlines

കേരള ബാങ്ക് വീട് ജപ്തി ചെയ്തു; പൂട്ട് പൊളിച്ച് വീട് തുറന്ന് കൊടുത്ത് എഐവൈഎഫ് പ്രവർത്തകർ

കൊല്ലം: വീട് ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പൂട്ട് പൊളിച്ച് പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍. കൊല്ലം അഞ്ചല്‍ കാച്ചാണില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നിഷാ ഭവനില്‍ ജിഷയുടെ വീടാണ് കേരള ബാങ്ക് ജപ്തി ചെയ്തത്. 2010ല്‍ ജിഷ കേരള ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. പശു വളര്‍ത്തലിന് വേണ്ടിയായിരുന്നു 10 ലക്ഷം രൂപ ലോണ്‍ എടുത്തത്. ഈ പണം ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ നിന്നും 10 പശുക്കളെ ജിഷ വാങ്ങിയിരുന്നു.

എന്നാല്‍ പിന്നീട് രോഗം ബാധിച്ച് ഈ പത്ത് പശുക്കളും ചത്തതോടെ ജിഷ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തിരിച്ചടവും മുടങ്ങി. ഇതോടെയാണ് കേരള ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്. ഇന്നലെ വൈകീട്ടോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് എത്തി. ജിഷയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞും, പ്രായമായ അച്ഛനും അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരെ പുറത്താക്കിയ ശേഷം ഉദ്യോഗസ്ഥര്‍ വീടിന് പൂട്ടിട്ട് ജപ്തി പൂര്‍ത്തിയാക്കി. വീട്ടുസാധനങ്ങളും എടുത്ത് പുറത്തുവെച്ചിരുന്നു.

രാത്രി പോകാന്‍ ഇടമില്ലാതെ കുടുംബം മുഴുവന്‍ പുറത്തു കഴിഞ്ഞു. വിഷയം സ്ഥലം എംഎല്‍എയായ പി എസ് സുപാലിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് എഐവൈഎഫ് ഇടപെടുന്നതും തുടര്‍ നടപടികള്‍ ഉണ്ടാകുന്നതും. എംഎല്‍എ ബാങ്ക് അധികൃതരോട് സംസാരിച്ചെങ്കിലും വീട് തുറന്ന് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്നാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ പൂട്ട് പൊളിച്ച് വീട് തുറന്ന് കൊടുത്തത്. വാര്‍ഡ് മെമ്പര്‍ സിന്ധുവും ഈ പ്രതിഷേധ നടപടിയില്‍ ഭാഗമായിരുന്നു.

വിഷയം പി എസ് സുപാല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ ജിഷയെയും കുടുംബത്തെയും അറിയിച്ചിട്ടുണ്ട്. സാമ്പത്തികമായി കടുത്ത പരാധീനതകളിലൂടെ കടന്നുപോകുന്നവരുടെ വീട് ജപ്തി ചെയ്യുന്നത് സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരാണെന്ന് എഐവൈഎഫ് പ്രവര്‍ത്തര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: