Headlines

അടുത്ത ബസും ഒഴിവുള്ള സീറ്റുകളും അറിയാം; കെഎസ്ആർടിസി യാത്രാവിവരങ്ങൾ ചലോ മൊബൈൽ ആപ്പിൽ


തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ‘ചലോ’ എന്ന മൊബൈൽ ആപ്പിൽ ലഭ്യമാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് അവിടേക്ക്‌ എത്തുന്ന അടുത്ത ബസിനെക്കുറിച്ചും അതിലെ ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. ബസ് തിരഞ്ഞെടുത്ത് കയറുന്നതിനു മുൻപേ ടിക്കറ്റ് എടുക്കാനാകും. മൊബൈൽ ആപ്പിലെ ക്യുആർ കോഡ് കണ്ടക്ടറെ കാണിച്ച് ടിക്കറ്റ് വരവുവെക്കണം. കാഴ്ചപരിമിതർക്കും ഉപയോഗിക്കാൻ പാകത്തിൽ ആപ്പിൽ മാറ്റംവരുത്തും.
ബസിൽ ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കുന്ന സ്മാർട്‌ കാർഡുകളും മൊബൈൽ ആപ്പ് വഴി ചാർജ്‌ ചെയ്യാനാകും. നിലവിൽ അച്ചടിച്ച ഒരുലക്ഷം കാർഡുകളിൽ 82,000 കാർഡുകൾ വിൽപ്പന നടത്തി. നാലുലക്ഷം കാർഡുകൾകൂടി ഉടൻ സജ്ജമാകും. നിശ്ചിത തുക നൽകി യാത്രക്കാർക്ക് കാർഡ് വാങ്ങാം. ചാർജ്‌ചെയ്ത് ഉപയോഗിക്കാം.
വിദ്യാർഥി കൺസെഷൻ കാർഡുകളും ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള എല്ലാവിധ യാത്രാപാസുകളും കാർഡിലേക്കു മാറും. വിദ്യാർഥികൾ കാർഡ് പുതുക്കാൻ വർഷംതോറും ഓഫീസിൽ എത്തേണ്ടതില്ല. ബസിൽ പണം നൽകി കാർഡ് പുതുക്കാം. കാർഡിന്റെ തുക മാത്രമാണ് വിദ്യാർഥികളിൽനിന്നു വാങ്ങുക. യാത്ര സൗജന്യമാണ്. 20 ദിവസത്തിനുള്ളിൽ സ്റ്റുഡന്റ്‌സ് കാർഡുകൾ വിതരണംചെയ്തു തുടങ്ങും.
ബസുകളുടെ യാത്രാവിവരം ഓൺലൈനിൽ ലഭ്യമായ സാഹചര്യത്തിൽ ഓഫീസുകളിലെ അന്വേഷണ കൗണ്ടറുകൾ നിർത്തലാക്കും. പകരം ഉദ്യോഗസ്ഥർക്ക് മൊബൈൽഫോണുകൾ നൽകും. പരാതികൾ ഈ നമ്പരിൽ അറിയിക്കാം. 24 മണിക്കൂറും മൊബൈൽഫോണുകൾ പ്രവർത്തനസജ്ജമായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ജീവനക്കാരുടെ പേരിലുള്ള ചെറിയ കേസുകൾ പരിഗണിക്കാൻ 26മുതൽ അദാലത്ത് സംഘടിപ്പിക്കും.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: