Headlines

സർവ്വകാല റെക്കോർഡ് കളക്ഷനുമായി KSRTC; ഇന്നലെമാത്രം ആകെ വരുമാനം 13.02 കോടി, ചരിത്രനേട്ടം




തിരുവനന്തപുരം : കെഎസ്ആര്‍ടിസിയ്ക്ക് അഭിമാന നിമിഷം. സര്‍വ്വകാല റെക്കോര്‍ഡ് കളക്ഷൻ നേടിയാണ് കെഎസ്ആര്‍ടിസി ചരിത്രം കുറിച്ചത്. ഇന്നലെ മാത്രമുള്ള ആകെ വരുമാനം 13.02കോടി കടന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനം മാണിത്.

ടിക്കറ്റ് വരുമാനം ഇനത്തില്‍ 12.18 കോടിയും ടിക്കറ്റേതിര വരുമാനമായി 83.49 ലക്ഷം രൂപയും കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിക്ക് ലഭിച്ചു. 4952 ബസുകളാണ് ഇന്നലെ സര്‍വീസ് നടത്തിയത്. 27.38 ലക്ഷം യാത്രക്കാരാണ് കെഎസ്ആര്‍ടിയില്‍ ഇന്നലെ യാത്ര ചെയ്തത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15ന് ലഭിച്ച 11.53 കോടിയായിരുന്നു മുന്‍കാല റെക്കോര്‍ഡ്. വരുമാന വര്‍ധനവ് ഉണ്ടാക്കിയതില്‍ ജീവനക്കാർക്ക് അഭിനന്ദനവുമായി മന്ത്രി കെ ബി ഗണേശ് കുമാര്‍ രംഗത്തെത്തി. നമ്മള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കല്‍കൂടി കെഎസ്ആര്‍ടിസിയുടെ ജീവനക്കാര്‍ തെളിയിച്ചു എന്നും പ്രിയപ്പെട്ട എന്റെ ജീവനക്കാരേ, നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു എന്നുമാണ് ഗണേശ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. വിശ്വാസ്യത പുലർത്തി കെഎസ്ആർടിസിയോടൊപ്പം നിൽക്കുന്ന മു‍ഴുവൻ യാത്രക്കാർക്കും മന്ത്രി നന്ദി അറിയിച്ചു.

*മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്* :

ഇപ്പോൾ നമ്മൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ ഇപ്പോഴാ? ചരിത്രത്തിൽ ഇത് ആദ്യമാണ്. ഈ നേട്ടത്തിൽ നമ്മൾക്ക് അഭിമാനിക്കാം..നമ്മൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കൽകൂടി KSRTC യുടെ ജീവനക്കാർ തെളിയിച്ചു. പ്രിയപ്പെട്ട എന്റെ KSRTC ജീവനക്കാരേ, നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു..നമ്മൾ നേടുന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവർത്തനംകൊണ്ടാണ്..ഇനിയും ഏറെ ദൂരം നമ്മൾക്ക് സഞ്ചരിക്കേണ്ടതുണ്ട്..നമ്മൾക്ക് കഴിയും, നിങ്ങൾ കൂടെ നിന്നാൽ മതി..

ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ്…
05.01.2026 ലെ ആകെ വരുമാനം 13.01 കോടി
(ടിക്കറ്റ് വരുമാനം 12.18 Cr.
ടിക്കറ്റ് ഇതര വരുമാനം 0.83 Cr.)

KSRTC CMD ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്. കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്.
ഞാൻ മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും “സ്വയംപര്യാപ്ത കെഎസ്ആർടിസി” എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: