മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ സ്പോൺസർമാർക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസമായ മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ സ്പോൺസർമാർക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരുമാണ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി.

കേരളത്തിൽ 2 മത്സരം നടത്താൻ വേണ്ടി അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാർ ഒപ്പിട്ടിരുന്നു. കരാർ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നൽകണം എന്നാണ് വ്യവസ്ഥ. എന്നാൽ സമയം നീട്ടി നൽകിയിട്ടും സ്പോൺസർ ഇത് പാലിച്ചില്ല. സ്പോൺസർമാർക്കെതിരെ സംസ്ഥാന സർക്കാരും നിയമനടപടി എടുത്തേക്കും എന്നാണ് വിവരം. സന്ദർശനം ഒഴിവാക്കിയത് സംബന്ധിച്ച് സർക്കാരിന് അർജന്റീന ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. അറിയിപ്പ് ലഭിച്ച ശേഷമായിരിക്കും സർക്കാർ നിയമ നടപടികൾ ആലോചിക്കുക. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാകും നടപടി വരിക.

ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെയാഴ്ചകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു. 2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.

പിന്നാലെ കേരള സര്‍ക്കാര്‍ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. അര്‍ജന്റീന കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പര്‍ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്നു. ഒടുവില്‍ എച്ച് എസ് ബി സി പ്രധാന സ്‌പോണ്‍സര്‍മാരായി എത്തിയെന്നും അര്‍ജന്റീന ടീമിനെ കേരളത്തില്‍ കളിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളെ കുറിച്ച് ഇന്നലെയാണ് റിപ്പോര്‍ട്ട് വന്നത്. ഇതോടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഒരു മത്സരത്തില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോള എതിരാളികള്‍. ഖത്തറില്‍ അര്‍ജന്റീന അമേരിക്കയെ നേരിടും. ഈ വര്‍ഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. തുടര്‍ന്ന് ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: