ചെന്നൈ: ചെന്നൈ: നടനും തമിഴക വെട്രി കഴകം നോേതാവുമായ വിജയ് നയിച്ച റാലിക്കിടെയുണ്ടായത് വൻ ദുരന്തം. നിരവധി പേരാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. 40 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇവരിൽ ആറ് കുട്ടികളുമുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കരൂരിൽ നടന്ന റാലിയ്ക്കിടെ ആണ് അപകടം. ഇരുപതിലേറെ പേർ കുഴഞ്ഞുവീണുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. തളർന്നു വീണവരിൽ ആറു കുട്ടികളും ഉണ്ടെന്നാണ് വിവരം. മൂന്നു കുട്ടികളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി. പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ആംബുലൻസുകൾ എത്തുകയാണ്. തമിഴ്നാട്ടിലെ ആരോഗ്യ – വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ കരൂരിലേക്ക് തിരിക്കും. ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിമാർക്കു നൽകി.
വിജയ് പ്രസംഗിക്കുന്നതിനിടെ ജനക്കൂട്ടം നിയന്ത്രണാതീതമായി മുന്നോട്ട് വന്നതാണ് അപകടത്തിന് കാരണമായത്. പാർട്ടി പ്രവർത്തകരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ബോധരഹിതരായി വീണു. പ്രവർത്തകർ സ്ഥിതിഗതികൾ ശ്രദ്ധിക്കുകയും അലാറം മുഴക്കുകയും ചെയ്തു. വിജയ് തന്റെ പ്രസംഗം നിർത്തിവച്ച് പ്രചാരണ ബസിന് മുകളിൽ നിന്ന് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കുകയും ചെയ്തു. തിരക്കേറിയ വഴിയിലൂടെ സ്ഥലത്തെത്താൻ ആംബുലൻസുകൾക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു


