ലണ്ടൻ: ബ്രിട്ടനിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പാലാ സ്വദേശികളായ ജോസി വർഗീസ് – മിനി ജോസി ദമ്പതികളുടെ മകൾ പ്രസീന വർഗീസ്(24) ആണ് മരിച്ചത്. ബ്രിട്ടനിലെ റെഡ്ഡിങിലാണ് കുടുംബം താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് പ്രസീന വീട്ടിൽ കുഴഞ്ഞു വീണത്.
തുടർന്ന് യുവതിയെ ലണ്ടനിലെ ചേറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രസീനയുടെ കുടുംബം സിറോ മലബാർ സഭ വിശ്വാസികളും നാട്ടിൽ കോട്ടയം ജില്ലയിലെ പാലായിൽ നിന്നുള്ളവരുമാണ്. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
