തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്കായിരിക്കും കുപ്പിവെള്ളം വിതരണം ചെയ്യുക എന്നും മന്ത്രി വ്യക്തമാക്കി. വരും മാസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നതിനാൽ വെള്ളം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കുപ്പിവെള്ളം പദ്ധതിയുടെ ഭാഗമായി, ഓരോ കുപ്പിവെള്ളം വിതരണം ചെയ്യുമ്പോഴും രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മീഷനായി നൽകുമെന്ന് മന്ത്രി അറിയിച്ചു. ഈ ടെൻഡർ നടപടികൾ ആരംഭിച്ചതായും, കെഎസ്ആർടിസിക്കായി അനുയോജ്യമായ കമ്പനികളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവർമാർക്കും ഒരു രൂപ കമ്മീഷൻ നൽകുന്ന കാര്യത്തെ കുറിച്ച് മന്ത്രി തമാശരൂപേണ പരാമർശിക്കുകയും ചെയ്തു. പഴയ ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡൻ്റിൻ്റെ മകനായ ഡ്രൈവർക്ക് ഒരു രൂപ കിട്ടട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം കെഎസ്ആർടിസിയിൽ ഭക്ഷണം നൽകുന്ന പദ്ധതിയും ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം. ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനം സംബന്ധിച്ച പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിസിനസ്സ് ക്ലാസ് ബസിൻറെ ഉദ്ഘാടനം നേരത്തെ പ്രഖ്യാപിക്കുന്നതായും ഗണേഷ് കുമാർ വ്യക്തമാക്കി. കെഎസ്ആർടിസിയെ കൂടുതൽ യാത്രക്കാരുടെ സൗഹൃദ സ്ഥാപനമാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


