400 സ്ത്രീകളെ ബലാത്സംഗം ചെയ്തയാൾക്ക് വോട്ട് ചെയ്യാനാണ് മോദി പറയുന്നത്;ബിജെപി ക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി




ശിമോഗ: കര്‍ണാടകയിലെ ജെഡി(എസ്) നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. സ്ത്രീകളെ കൂട്ടബലാംല്‍സംഗം ചെയ്തയാള്‍ക്കുവേണ്ടിയാണ് ബിജെപിയും നരേന്ദ്ര മോദിയും വോട്ട് ചോദിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. പ്രജ്വല്‍ രേവണ്ണയെ പിന്തുണച്ചതിന് മോദി ജനങ്ങളോട് മാപ്പ് പറയണം. പ്രജ്വല്‍ രേവണ്ണ 400ഓളം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇയാള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്താല്‍ അത് എനിക്ക് സഹായമാവുമെന്നാണ് ഒരു വേദിയില്‍ മോദി പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ ശിമോഗയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുലിന്റെ പരാമര്‍ശം. രേവണ്ണ ജര്‍മനിയിലേക്ക് രക്ഷപ്പെട്ട് പോവുന്നത് മോദി തടഞ്ഞില്ല. മോദിയുടെ പക്കല്‍ എല്ലാ സംവിധാനങ്ങളുമുണ്ട്. എന്നിട്ടും അയാളെ ജര്‍മനിയിലേക്ക് പോവാന്‍ അനുവദിച്ചു. ഇതാണ് ‘മോദിയുടെ ഗ്യാരണ്ടി’. ബലാല്‍സംഗം ചെയ്തയാളാവട്ടെ അഴിമതിക്കാരനാവട്ടെ, അവരെ ബിജെപി സംരക്ഷിക്കും. ഇന്ത്യയിലെ എല്ലാ സ്ത്രീകളേയും പ്രധാനമന്ത്രി അപമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് ബിജെപി നേതാക്കളും രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ ഹാസന്‍ മണ്ഡലത്തിലെ സിറ്റിങ് എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണ സ്ത്രീകള്‍ക്കെതിരേ നടത്തിയ ആക്രമണങ്ങളുടെ നിരവധി വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഹാസനിലെ ബിജെപി-ജെഡി(എസ്) സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ പ്രജ്വല്‍ രേവണ്ണ സംഭവശേഷം വിദേശത്തേക്കു കടന്നതായാണ് നിഗമനം. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകാന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെയാണ് ജര്‍മനിയിലേക്ക് കടന്നത്. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് കടന്നതെന്നാണ് വിവരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: