Headlines

പുറത്തുവന്നത് രണ്ടായിരത്തിലധികം അശ്ലീലവീഡിയോ ക്ലിപ്പുകൾ; പ്രജ്ജ്വലിനെതിരെ ബലാത്സംഗ പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്



ബെംഗളൂരു: ജനതാദൾ നേതാവും ലോക്സഭാംഗവുമായ പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ബലാത്സംഗ പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്. മൂന്നുസ്ത്രീകളാണ് ഇന്നലെ ബെംഗളൂരു സി.ഐ.ഡി. ആസ്ഥാനത്തെത്തി പ്രത്യേക അന്വേഷണസംഘത്തിന് പരാതി നൽകിയത്. പുറത്തുവന്ന അശ്ലീല വീഡിയോയിൽ ഉൾപ്പെട്ട സ്ത്രീകളാണ് പരാതി നൽകിയത്. രണ്ട് സ്ത്രീകൾ നേരത്തേ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൂടുതൽ സ്ത്രീകൾ പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ രംഗത്തെത്തിയത്.

പ്രജ്ജ്വൽ ഉൾപ്പെട്ട രണ്ടായിരത്തിലധികം അശ്ലീലവീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. ഇതിലുള്ള രണ്ടുസ്ത്രീകളാണ് നേരത്തേ പരാതിയുമായി പോലീസിനെ സമീപിച്ചത്. എച്ച്.ഡി. രേവണ്ണയുടെ വീട്ടിലെ മുൻജീവനക്കാരിയും ഹാസനിലെ മുൻജനപ്രതിനിധിയുമാണ് പരാതിനൽകിയത്. കഴിഞ്ഞ ദിവസം പരാതി നൽകിയ മൂന്നു സ്ത്രീകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതിനിടെ, രാജ്യംവിട്ട പ്രജ്ജ്വൽ രേവണ്ണയെ തിരിച്ചെത്തിക്കാൻ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്ത് പ്രജ്ജ്വൽ ഒളിവിൽകഴിയുന്ന സ്ഥലവും മറ്റുവിവരങ്ങളും ഇന്റർപോൾ അംഗരാജ്യങ്ങളുടെ സഹായത്തോടെ ലഭ്യമാക്കാൻവേണ്ടി പ്രത്യേക അന്വേഷണസംഘം സി.ബി.ഐ.യോട് ആവശ്യപ്പെട്ട പ്രകാരമാണിത്. ഇതിനുപിന്നാലെ പ്രജ്ജ്വൽ ഉടൻ തിരിച്ചെത്തിയേക്കുമെന്നും അന്വേഷണസംഘത്തിനുമുമ്പിൽ കീഴടങ്ങിയേക്കുമെന്നും അഭ്യൂഹമുയർന്നു. വിമാനത്താവളത്തിൽ ഇറങ്ങിയാലുടൻ അറസ്റ്റുചെയ്യാനാണ് അന്വേഷണസംഘത്തിന്റെ ഒരുക്കം.

പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീലവീഡിയോയിലുൾപ്പെട്ട അതിജീവിതകൾക്ക് കോൺഗ്രസ് സർക്കാർ സാമ്പത്തികസഹായം നൽകും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിൽ കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയാണ് ബെലഗാവിയിൽ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. കേസിൽ നൂറുകണക്കിന് അതിജീവിതകളുണ്ടെന്നും കഴിഞ്ഞ 75 വർഷത്തിനുശേഷമുണ്ടായ അപൂർവം കേസാണിതെന്ന കാര്യം കണക്കിലെടുത്താണ് സാമ്പത്തികസഹായം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ സ്ഥാനാർഥിയായ ‘മാസ് റേപ്പിസ്റ്റി’നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രജ്ജ്വൽ രേവണ്ണയുടെ ലൈംഗികപീഡനക്കേസിലെ അതിജീവിതകൾക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാഹുൽഗാന്ധി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: