ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടര്‍ച്ചയായ മൂന്നാംതവണ നരേന്ദ്രമോദി ചുമതലയേറ്റു. ചുമതലയേറ്റ ശേഷം മോദി ആദ്യം ഒപ്പുവെച്ചത് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന പിഎം കിസാന്‍ നിധി ബില്ലിലാണ്. ഓഫിസിലെ ഉദ്യോഗസ്ഥര്‍ മോദിയെ വരവേറ്റു. പുതിയ മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് നടക്കും.
മോദിയുടെ നേതൃത്വത്തിലുള്ള 72 അംഗ കേന്ദ്രമന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഇന്നലെ വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങന്‍ലാണ് സത്യപ്രതിജ്ഞ ചെയ്തത്. മോദിക്കു പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കളായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവരും അധികാരമേറ്റു. പുതിയ സര്‍ക്കാരില്‍ 30 കാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിമാരും 36 സഹമന്ത്രിമാരുമാണുള്ളത്. വിദേശ രാഷ്ട്രത്തലവന്‍മാര്‍ക്ക് പുറമെ, മുകേഷ് അംബാനിയും കുടുംബവും, ഗൗതം അദാനിയും കുടുംബവും, ചലച്ചിത്ര താരങ്ങളായ ഷാരൂഖ് ഖാന്‍, രജനീകാന്ത്, അക്ഷയ് കുമാര്‍, രവീണ ടണ്ഠന്‍, അനുപം ഖേര്‍, വിക്രാന്ത് മാസ്സി, ഗായകന്‍ കൈലാഷ് ഖേര്‍ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നു. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഭാര്യാസമേതമാണ് എത്തിയത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും ചടങ്ങില്‍ പങ്കെടുത്തു.

